ന്യൂയോര്‍ക്ക്: 12 മാസത്തിനുള്ളില്‍ ഇസ്രഈല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന പ്രമേയം പാസാക്കി യു.എന്‍ ജനറല്‍ അസംബ്ലി. 124 അംഗരാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. ലോക നേതാക്കള്‍ വാര്‍ഷിക യു.എന്‍ സമ്മേളനത്തിനായി ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിക്കുന്നതിന് മുന്നോടിയായാണ് തീരുമാനം.
അന്താരാഷ്ട്ര നിയമം, അന്താരാഷ്ട്ര നീതിന്യായ-ക്രിമിനല്‍ കോടതികളുടെ നീക്കങ്ങള്‍, യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനം എന്നിവ ചൂണ്ടിക്കാട്ടി ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന അധിനിവേശം നിയമവിരുദ്ധമാണെന്ന് പ്രമേയം പറയുന്നു. എന്നാല്‍ ഈ പ്രമേയത്തിനെതിരെ യു.എന്നിലെ 14 അംഗരാജ്യങ്ങള്‍ വോട്ട് ചെയ്തു. 43 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.
50 രാജ്യങ്ങളുടെ പിന്തുണയുമായി തുര്‍ക്കിയാണ് പ്രമേയം അവതരിപ്പിച്ചത്. യു.എന്‍ ചാര്‍ട്ടര്‍ പ്രകാരം ഫലസ്തീന് ജനതയ്ക്ക് സ്വയം നിര്‍ണയത്തിനുള്ള അവകാശമുണ്ടെന്ന് പ്രമേയം പറയുന്നു.
ഫലസ്തീനിലേക്ക് കുടിയേറിയ ഇസ്രഈലികളും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതായി പ്രമേയം ചൂണ്ടിക്കാട്ടി. ഫലസ്തീനിലെ ഇസ്രഈല്‍ അധിനിവേശത്തില്‍ പരിഹാരം കാണുകയെന്നത് യു.എന്നിന്റെ പ്രധാനപ്പെട്ട കടമകളില്‍ ഒന്നാണെന്നും പ്രമേയം വ്യക്തമാക്കുന്നു.
പ്രമേയം അംഗീകരിച്ച് മൂന്ന് മാസത്തിനകം മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശങ്ങളെ സംബന്ധിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഗസയ്ക്ക് പുറമെ ഫലസ്തീനിലെ വെസ്റ്റ് ബാങ്കിലേക്കും ഇസ്രഈല്‍ യുദ്ധം വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് യു.എന്നിലെ നീക്കം.
ഇന്നലെ (ചൊവ്വാഴ്ച) പേജര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് ലെബനനില്‍ 12 പേര് മരിക്കുകയും മൂവായിരത്തോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന് പിന്നിലും ഇസ്രഈല്‍ ആണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് അധിനിവേശം അവസാനിപ്പിക്കണമെന്ന പ്രമേയം യു.എന്‍ ജനറല്‍ അസംബ്ലി അംഗീകരിക്കുന്നത്.
നേരത്തെ ഐക്യരാഷ്ട്രസഭയില്‍ ഫലസ്തീന് പൂര്‍ണ അംഗത്വം നല്‍കുന്നതിനായി യു.എന്‍ രക്ഷാ സമിതി അവതരിപ്പിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്തിരുന്നു. എന്നാല്‍ ഫലസ്തീന് യു.എന്നില്‍ അംഗത്വം നല്കുന്ന പ്രമേയത്തിന് 12 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്യുകയുമുണ്ടായി.
റഷ്യ, ചൈന, ഫ്രാന്‍സ്, ജപ്പാന്, ദക്ഷിണ കൊറിയ, ഇക്വഡോര്‍, അള്‍ജീരിയ, മാള്‍ട്ട, സ്ലോവേനിയ, സിയറ ലിയോണ്‍, മൊസാംബിക്, ഗയാന എന്നീ രാജ്യങ്ങളാണ് രക്ഷാ സമിതിയുടെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. ബ്രിട്ടനും സ്വിറ്റ്സര്‍ലന്‍ഡും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.