കോട്ടയം ചിങ്ങവനം സ്വദേശിയായ പ്രദീപ് നായർ ആണ് താമസിച്ചിരുന്ന കെട്ടിടത്തിന്റെ പടികൾ ഇറങ്ങവെ കാൽ തെറ്റി വീണ് മരണത്തിന് കീഴടങ്ങിയത്. 49 വയസ്സായിരുന്നു പ്രായം. വീഴ്ചയിൽ തലയ്ക്ക് ക്ഷതം ഏറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
മാഞ്ചസ്റ്റര്‍ ഹിന്ദു സമാജത്തിന്റെ സജീവ പ്രവര്‍ത്തകനായ പ്രദീപ് ആദ്യകാല മലയാളി കുടിയേറ്റത്തിലെ അംഗം കൂടിയാണ്. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ചെക് ഇന്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന പ്രദീപ് ഏതാനും നാളുകളായി കാര്‍ പാര്‍ക്ക് സെക്യൂരിറ്റി വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. നാട്ടില്‍ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ പ്രദീപ് കേരള പൊലീസിലെ ജോലി ഉപേക്ഷിച്ചാണ് യുകെയില്‍ എത്തുന്നത്.
പ്രദീപിന്റെ അടുത്ത് താമസിക്കുന്നവർ വിവരം അറിയിച്ചതനുസരിച്ച് അത്യാഹിത വിഭാഗം സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവധിക്കായി നാട്ടിൽ പോയിരുന്ന പ്രദീപിന്റെ ഭാര്യയും മക്കളും യുകെയിലേയ്ക്ക് തിരിച്ചു വരാൻ കൊച്ചി എയർപോർട്ടിൽ എത്തിയപ്പോഴാണ് ദാരുണ വാർത്ത അറിയുന്നത്. പ്രദീപിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നാണ് അറിയാൻ സാധിച്ചത്.
മൃതസംസ്കാര ചടങ്ങുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
പ്രദീപ് നായരുടെ നിര്യാണത്തിൽ മലയാളി ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.