ലണ്ടന്‍: പുതിയ രീതിയിലുള്ള മത്സരക്രമവുമായി യുവേഫ ചാമ്പ്യന്‍സ് ലീഗിന് തുടക്കമായി. വമ്പന്മാരെല്ലാം വന്‍ വിജയം സ്വന്തമാക്കിയാണ് ടൂര്‍ണമെന്റിന് തുടക്കമിട്ടത്. യുവന്റസ്, ബയേണ്‍ മ്യൂണിക്ക്, റയല്‍ മഡ്രിഡ്, ലിവര്‍പൂള്‍ ടീമുകള്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി.
ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസ് ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്ക് പിഎസ്വി ഐന്തോവനെ തോല്‍പ്പിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ തിരിച്ചെത്തിയ ഇംഗ്ലീഷ് ക്ലബ്ബ് ആസ്റ്റണ്‍ വില്ല ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്ക് യങ് ബോയ്സിനെ തകര്‍ത്തു. റയല്‍ മഡ്രിഡ് ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്ക് ജര്‍മന്‍ ക്ലബ്ബ് വിഎഫ്ബി സ്റ്റുഡ്ഗര്ട്ടിനെ പരാജയപ്പെടുത്തി. സൂപ്പര്‍താരം എംബാപ്പെ, അന്റോണിയോ റൂഡിഗര്‍, എന്‍ഡ്രിക് എന്നിവര്‍ റയലിനായി വലകുലുക്കി. ഡെനിസ് ഉന്‍ഡാവ് സ്റ്റുഡ്ഗര്ട്ടിനായി ലക്ഷ്യം കണ്ടു.
കരുത്തരുടെ പോരാട്ടത്തില്‍ എസി മിലാനെ ലിവര്‍പൂളും കീഴടക്കി. ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് ടീമിന്റെ ജയം. ക്രിസ്റ്റിയന്‍ പുലിസിച്ചിലൂടെ മൂന്നാം മിനിറ്റില്‍ മിലാന് മുന്നിലെത്തിയെങ്കിലും 23-ാം മിനിറ്റില്‍ ഇബ്രാഹിമ കൊണാറ്റയിലൂടെ ലിവര്‍പൂള്‍ തിരിച്ചടിച്ചു. 41-ാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ ഡൈക്ക്, 67-ാം മിനിറ്റില്‍ സോബോസ്ലൈ എന്നിവരും ലിവര്‍പൂളിനായി ലക്ഷ്യം കണ്ടു.
മറ്റൊരു മത്സരത്തില്‍ രണ്ടിനെതിരേ ഒമ്പതുഗോളുകള്ക്ക് ക്രൊയേഷ്യന്‍ ക്ലബ്ബ് ഡൈനാമോ സാഗ്രിബിനെ ബയേണ്‍ തകര്‍ത്തെറിഞ്ഞു. സ്ട്രൈക്കര്‍ ഹാരി കെയ്ന്‍ നാലുഗോളുകള്‍ നേടിയപ്പോള്‍ മൈക്കേല്‍ ഒലിസെ ഇരട്ടഗോളുകളും നേടി. റാഫേല്‍ ഗുരെയ്രോ, ലിറോയ് സനെ, ലിയോണ്‍ ഗോറെട്സ്കെ എന്നിവരും ജര്‍മന്‍ വമ്പന്മാര്ക്കായി ലക്ഷ്യം കണ്ടു. ബ്രൂണോ പെറ്റ്കോവിക്, തകുയ ഒഗിവാര എന്നിവരാണ് ഡൈനാമോയുടെ സ്കോറര്‍മാര്‍.