മുംബൈ: പാരീസ് ഒളിമ്പിക്സ് ഷൂട്ടിങ് വെങ്കല മെഡല്‍ ജേതാവ് സ്വപ്നില്‍ കുശാലെയ്ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്കിയ തുകയില്‍ അതൃപ്തി അറിയിച്ച് പിതാവ് സുരേഷ് കുശാലെ. മകന് പാരിതോഷികമായി രണ്ടുകോടി രൂപ നല്കിയാല് പോരെന്നും അഞ്ച് കോടി രൂപ കിട്ടണമെന്നും സുരേഷ് പറഞ്ഞു. കൂടാതെ പുണെയിലെ ബെല്‍വാഡിയിലെ ഛത്രപതി ശിവജി മഹാരാജ് സ്പോര്‍ട്സ് കോംപ്ലക്സിനടുത്ത് ഒരു ഫ്ളാറ്റ് വേണം. സ്പോര്‍ട്സ് കോംപ്ലക്സിലെ 50 മീറ്റര്‍ ത്രീ പൊസിഷന്‍ റൈഫിള്‍ ഷൂട്ടിങ് അരീനയ്ക്ക് മകന്റെ പേരിടണമെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക്സ് മെഡല്‍ ജേതാക്കള്‍ക്ക് ഹരിയാണ സര്‍ക്കാര്‍ കൂടുതല്‍ തുക നല്കുന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു. കോലാപുരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ്.
ഒളിമ്പിക് മെഡല്‍ നേടിയ ഓരോരുത്തര്‍ക്കും അഞ്ചുകോടി രൂപയാണ് ഹരിയാണ സര്‍ക്കാര്‍ നല്‍കിയത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ നയപ്രകാരം, ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവിന് രണ്ടുകോടി രൂപയാണ് പ്രഖ്യാപിച്ചത്. എന്തുകൊണ്ടാണ് സംസ്ഥാനം ഇങ്ങനെയൊരു മാനദണ്ഡം വെയ്ക്കുന്നത്? മഹാരാഷ്ട്രയില്‍നിന്നുള്ള രണ്ടാമത്തെ മാത്രം ഒളിമ്പിക്സ് മെഡല്‍ ജേതാവാണ് സ്വപ്നില്‍ (1952-ല്‍ ഗുസ്തിയില്‍ കെ.ഡി. ജാദവ് മെഡല്‍ നേടിയിരുന്നു). 72 വര്‍ഷങ്ങള്‍ക്ക് ശേഷമാണിത്. പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യ അഞ്ച് വ്യക്തിഗത മെഡലുകള്‍ നേടിയപ്പോള്‍ അതില്‍ നാലെണ്ണം ഹരിയാണയില്‍നിന്നും ഒന്ന് മഹാരാഷ്ട്രയില്‍നിന്നുമാണ്. മഹാരാഷ്ട്രയുമായി താരതമ്യം ചെയ്താല്‍ ചെറിയ സംസ്ഥാനമാണ് ഹരിയാണ. പക്ഷേ, മെഡല്‍ നേടുന്ന അത്ലറ്റുകള്‍ക്ക് അവര്‍ വലിയ തുക നല്കുന്നു’ -സുരേഷ് കുശാലെ പറഞ്ഞു.
മഹാരാഷ്ട്രയില്‍നിന്ന് രണ്ടുപേര്‍ മാത്രമാണ് ഒളിമ്പിക്സ് മെഡല്‍ നേടിയതെന്നിരിക്കേ, എന്തുകൊണ്ടാണ് ഇത്തരത്തിലൊരു മാനദണ്ഡം വെയ്ക്കുന്നത്? ഈ വിധത്തിലായിരുന്നു പ്രതിഫലമെങ്കില്‍, അവനെ മറ്റേതെങ്കിലും കായികരംഗത്തേക്ക് പ്രേരിപ്പിക്കാമായിരുന്നു. സ്വപ്നില്‍ എളിയ പശ്ചാതലത്തില്നിന്നുള്ള ആളായതിനാലാണോ തുക കുറഞ്ഞത്? ഒരു എം.എല്‍.എ.യുടെയോ മന്ത്രിയുടെയോ മകനായിരുന്നെങ്കില്‍ ഇതാവുമായിരുന്നോ തുക എന്നും സുരേഷ് പറഞ്ഞു.
സ്പോര്‍ട്സ് കോംപ്ലക്സിലെ 50 മീറ്റര്‍ ത്രീ പൊസിഷന്‍ റൈഫിള്‍ ഷൂട്ടിങ് അരീനയ്ക്ക് സ്വപ്നിലിന്റെ പേരിടണം. അഞ്ചുകോടി രൂപ പുരസ്കാരവും ബേല്വാഡി സ്പോര്‍ട്സ് സ്റ്റേഡിയത്തിനടുത്ത് ഫ്ളാറ്റും നല്‍കണം. പരിശീലനത്തിന് എളുപ്പത്തില്‍ എത്താമെന്നത് പരിഗണിച്ചാണ് അതെന്നും അദ്ദേഹം വ്യക്തമാക്കി.