കോഴിക്കോട്: ജൂലൈ എട്ടിനാണ് ഒരു പിടിസ്വപ്നങ്ങളുമായി അർജുൻ, കണ്ണാടിക്കൽ മൂലാടിക്കുഴിയിലെ വീടിന്റെ പടിയിറങ്ങി പോയത്. 82-ആം ദിവസം അവസാനമായി അർജുൻ ആ വീടിന്റെ മുറ്റത്തെത്തി, മണ്ണെടുത്ത സ്വപ്നങ്ങൾ ബാക്കിയാക്കി. നോവിന്റെ തീരാഭാരവുമായി കുടുംബവും നാടും അവനെ ഏറ്റുവാങ്ങി.
പ്രാരബ്ധങ്ങൾക്കിടയിൽ അവൻ പടുത്തുയർത്തിയ വീടിന്റെ അകത്ത് അവസാനമായി അർജുനെ കിടത്തിയപ്പോൾ ആർത്ത് കരയുന്നുണ്ടായിരുന്നു ഭാര്യയും അമ്മയും സഹോദരങ്ങളും. മണ്ണോട് ചേരും മുമ്പ് മകന്റെ, ഭർത്താവിന്റെ, സഹോദരന്റെ മുഖം പോലുമൊന്ന് കാണാൻ പറ്റാത്തതിന്റെ തീരാവേദനയിൽ. അച്ഛന്റെ വരവ് പ്രതീക്ഷിച്ചിരുന്ന അര്‍ജുന്റെ മകന് കണ്ണീര്‍ക്കാഴ്ചയായി.
നാടിൻ്റെ പലഭാഗങ്ങളിൽ നിന്ന് അർജുനെ കാണാനെത്തിയവരെല്ലാം കണ്ണീരോടെ അവന് വിട ചൊല്ലാന്‍ കാത്തുനിന്നു. സഹോദരിയുടെ വിവാഹനിശ്ചയം, കുഞ്ഞിന്റെ എഴുത്തിനിരുത്ത്, വീടിന്റെ പെയിന്റിങ് എന്നിങ്ങനെ തിരികെ വന്ന ശേഷം ചെയ്ത് തീർക്കാൻ അര്ജുന് ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു.
‘വീടിന് ഞാൻ വന്നിട്ട് പെയിന്റടിച്ചോളാം. സാധനങ്ങളെല്ലാം വന്നിട്ട് വാങ്ങാം അമ്മയോട് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാൻ പറയണം, അച്ഛൻ വേവലാതിപ്പെടണ്ട’, ജൂലൈ 15-ന് രാത്രി അർജുൻ വീട്ടിലേക്ക് വിളിച്ചപ്പോൾ പറഞ്ഞതും ഇത്രമാത്രമായിരുന്നു. മൂന്ന് സഹോദരങ്ങളും അച്ഛനും അമ്മയും അടങ്ങിയ കുടുംബത്തെ സംരക്ഷിക്കാൻ ചെറുപ്രായത്തിൽ വളയം പിടിക്കാനിറങ്ങിയ അര്ജുന് ഇനി ഇല്ല.
അവനുണ്ടെങ്കിൽ ഞങ്ങൾക്കൊന്നിനും പ്രയാസമില്ലെന്ന് ആശ്വസിക്കാനും ഇനി കുടുംബത്തിന് കഴിയില്ല. മുപ്പതാം വയസ്സിൽ എല്ലാ പ്രാരാബ്ധങ്ങളും ഇറക്കി വെച്ച് അർജുൻ മണ്ണോട് ചേരുമ്പോൾ അത്രയേറെ നൊമ്പരത്തിലാണ് വീടും നാടും. ഏറെ ആഗ്രഹിച്ച് പണിത വീട്ടിൽ അധികനാൾ താമസിക്കാനായില്ല അർജുന്, ഇനി ആ വീടിനോട് ചേർന്ന് അന്ത്യവിശ്രമം.
അതിവൈകാരികമായ യാത്രയയപ്പായിരുന്നു അര്ജുന് നാട് നല്‍കിയത്. കണ്ണാടിക്കലില്‍നിന്നും അര്‍ജുന്റെ വീട്ടിലേക്കുള്ള വഴി ജനക്കൂട്ടത്താല്‍ നിറഞ്ഞുകവിഞ്ഞു. കണ്ണീരോടെ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആളുകളുടെ നീണ്ടനിര.