മോസ്കോ: രണ്ട് റഷ്യന്‍ നഗരങ്ങളിലേക്ക് ഡ്രോണുകള്‍ തൊടുത്ത് യുക്രൈന്. ഡ്രോണുകളെ റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
സരാതോവ് മേഖലയിലെ നഗരങ്ങളെ ലക്ഷ്യമാക്കിയാണ് യുക്രൈന് ഡ്രോണുകള്‍ എത്തിയത്. ഇവയെ റഷ്യയുടെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു. ഇത്തരത്തില്‍ തകര്‍ക്കപ്പെട്ട ഡ്രോണ്‍ പതിച്ചതിനെ തുടര്‍ന്നാണ് നഗരത്തിലെ പാര്‍പ്പിട സമുച്ചയത്തിന് കേടുപാടുകളുണ്ടായതെന്ന് റീജിയണല്‍ ഗവര്‍ണര്‍ റൊമാന് ബസുര്‍ജിന്‍ പറഞ്ഞു. സംഭവത്തില്‍ ഒരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും 38 നില പാര്‍പ്പിട സമുച്ചയത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
കെട്ടിടത്തിന്റെ ഒരു ഭാഗത്ത് മൂന്നുനിലകളില്‍ കേടുപാടുണ്ടായതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇവയുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പരിക്കേറ്റ ഒരു സ്ത്രീയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏംഗല്‍സ് നഗരത്തില്‍ ഒരു കെട്ടിടത്തിന്റെ മുകള്‍നിലയ്ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്.
സരാതോവ് മേഖലയിലേക്ക് എത്തിയ ഒന്‍പത് യുക്രൈന് ഡ്രോണുകള്‍ തകര്‍ത്തെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രൈന് അതിര്‍ത്തിയില്‍നിന്ന് ഏകദേശം 900 കിലോമീറ്റര്‍ അകലെയാണ് സരാതോവ് മേഖല സ്ഥിതി ചെയ്യുന്നത്.