ഗസ: ഇസ്രഈല്‍- ഫലസ്തീന് സംഘര്‍ഷത്തെ കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനങ്ങളിലെ വിവരങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിച്ച് ജൂയിഷ് ക്രോണിക്കിള്‍. ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ കെട്ടിച്ചമച്ച വിവരങ്ങളാണ് സംഘര്‍ഷത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലേഖനം പിന്‍വലിക്കുന്നത്. ഇതിനെ തുടര്‍ന്ന് സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനിടെ ഫിലാഡല്‍ഫി ഇടനാഴിയിലൂടെ ഇസ്രഈല്‍ ബന്ദികളോടൊപ്പം ഇറാനിലേക്ക് രക്ഷപ്പെടാനുള്ള ഹമാസ് നേതാവ് യഹിയ സിന്‍വാറിന്റെ പദ്ധതികള്‍ വിശദീകരിക്കുന്ന രേഖ ഗസയില്‍ നിന്നും കണ്ടെത്തിയതായി ലേഖനത്തില്‍ ഉണ്ടായിരുന്നു.
ലേഖനങ്ങളില്‍ പറയുന്ന വിവരങ്ങളെ കുറിച്ച് തങ്ങള്‍ക്ക് മറ്ററിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കി ഇസ്രഈല്‍ സൈന്യം രംഗത്തെത്തി. പിന്നാലെ മറ്റ് മാധ്യമങ്ങളും പെറിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് രംഗത്തെത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതേസമയം ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാഹു നടത്തിയ പരാമര്‍ശവും പെറിയുടെ വാദങ്ങളും തമ്മില്‍ സാമ്യമുള്ളതായും ഇത് തെറ്റായ പ്രചരണങ്ങള്‍ക്ക് കാരണമാവുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതേസമയം വിവാദങ്ങള്‍ ഉയര്‍ന്നിട്ടും ജെ.സി ലേഖനം പിന്‍വലിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നില്ല.
‘ പെറി ഇസ്രഈല്‍ സേനയില്‍ സേവനം അനുഷ്ഠിച്ചതായി ഞങ്ങള്‍ മനസ്സിലാക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ചില അവകാശവാദങ്ങളില്‍ ഞങ്ങല്‍ തൃപ്തരല്ല. അതിനാല്‍ ഞങ്ങളുടെ വെബ്സൈറ്റില്‍ നിന്ന് അദ്ദേഹം ചെയ്ത എല്ലാ സ്റ്റോറിയും നീക്കം ചെയ്യുന്നു. അദ്ദേഹവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നു. ഉയര്‍ന്ന പത്രപ്രവര്‍ത്തന നിലവാരം പുലര്‍ത്തേണ്ടതിന്റെയും പ്രതിബദ്ധതയുടെയും അനിവാര്യത ഞങ്ങള്‍ മനസിലാക്കുന്നു. കൂടാതെ ഇതിലേക്ക് നയിച്ച സംഭവങ്ങളില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ഞങ്ങളുടെ വിശ്വസ്തരായ വായനക്കാരോട് ഞങ്ങള്‍ ക്ഷമാപണം നടത്തുന്നു. ഇനി ഇത്തരത്തിലുള്ള പ്രക്രിയകള്‍ ആവര്‍ത്തിക്കില്ല. കൃത്യമായ അവലോകനം ഉണ്ടായിരിക്കും,’ ജൂയിഷ് ക്രോണിക്കിള്‍ അഭിപ്രായപ്പെട്ടു.
ബന്ദി ചര്‍ച്ചകളെ കുറിച്ചുള്ള പൊതുജനാഭിപ്രായങ്ങള്‍ പുറത്തായതിനെ സംബന്ധിച്ച് ഇസ്രഈലി സൈന്യം അന്വേഷണം ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൂടാതെ ഹമാസ് നേതാവ് യഹിയ സിന്‍വാറിന്റെ കമ്പ്യൂട്ടറില്‍ നിന്ന് കണ്ടെത്തിയ രേഖ ഇസ്രഈലിനെ സമ്മര്‍ദത്തിലാക്കാനും ചര്‍ച്ചകള്‍ വൈകിപ്പിക്കാനുമുള്ള തന്ത്രങ്ങളാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.