ഉരുള്മൂടി ആര്‍ക്കും കടന്നുചെല്ലാനാവാത്തയിടങ്ങളില് പുതുവഴികള്‍ തെളിച്ച് ജീവന്റെ തുടിപ്പുകള്‍ തേടിയെത്തിയ പുല്പള്ളി ഓഫ്റോഡേഴ്സിന് ഇന്ത്യന്‍ ആര്‍മിയുടെ പ്രശംസാപത്രം. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ മികച്ച സേവനം കാഴ്ചവെച്ചതിനാണ് കരസേനയുടെ അംഗീകാരമായി പുല്പള്ളി ഓഫ്റോഡേഴ്സ് ക്ലബ്ബിലെ 21 അംഗങ്ങള്‍ക്ക് പ്രശംസാപത്രം (സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ്) നല്‍കിയത്.
തിരുവനന്തപുരം മിലിട്ടറി സ്റ്റേഷന് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എം.പി. സലില്‍ ആണ് പ്രശംസാപത്രം നല്‍കിയിട്ടുള്ളത്. കഴിഞ്ഞദിവസം വയനാട്ടിലെത്തിയ ലഫ്. കേണല്‍ ഋഷി രാജലക്ഷ്മിയില്‍നിന്ന് ക്ലബ്ബ് അംഗങ്ങള്‍ പ്രശംസാപത്രം ഏറ്റുവാങ്ങി.
ഓഫ്റോഡ് സംഘത്തിന്റെ സേവനത്തിന് പ്രത്യേകം നന്ദിപറഞ്ഞാണ് സൈന്യം വയനാട്ടില്‍നിന്ന് മടങ്ങിയത്. സൈന്യം വയനാട്ടില്‍നിന്നും മടങ്ങുന്നതിന് തലേന്ന് ക്യാമ്പില്‍വെച്ച്, മെക്കാനിക്കല്‍ ഇന്‍ഫെന്‍ട്രിയുടെ ലഫ്റ്റനന്റ് കേണലായ ഋഷി രാജലക്ഷ്മി ഓഫ്റോഡ് ക്ലബ്ബ് അംഗങ്ങളെ കെട്ടിപ്പിടിച്ച് നന്ദിയറിയിക്കുന്ന വൈകാരികനിമിഷങ്ങളുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ദുരന്തമുഖത്ത് ആദ്യദിനംമുതല്‍ പുല്പള്ളി ഓഫ്റോഡേഴ്സ് രക്ഷാപ്രവര്ത്തങ്ങളുമായി സജീവമായുണ്ടായിരുന്നു.
ആദ്യദിവസംതന്നെ കുത്തിയൊഴുകുന്ന മലവെള്ളത്തെ മറികടന്ന്, ചെളിയും പാറക്കല്ലുകളും കെട്ടിടാവശിഷ്ടങ്ങളും മൂടിയ സ്ഥലങ്ങളിലൂടെ ഫോര്‍വീല്‍ വാഹനങ്ങളുമായെത്തി ക്ലബ്ബ് അംഗങ്ങള്‍ ദുരന്തഭൂമിയില്‍നിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിച്ചത് നൂറിലധികംപേരെയാണ്.
രക്ഷാപ്രവര്‍ത്തകരും സേനാവിഭാഗങ്ങളും ആദ്യം ചൂരല്‍മലയില്‍ കേന്ദ്രീകരിച്ചപ്പോള്‍, മറ്റാരും കടന്നുചെല്ലാത്ത വില്ലേജ് റോഡിലായിരുന്നു ഓഫ് റോഡേഴ്സിന്റെ രക്ഷാപ്രവര്‍ത്തനം.
ആദ്യ രണ്ടുദിവസത്തിനുള്ളില്‍ ഇവിടെനിന്ന് 34 മൃതദേഹങ്ങളാണ് ഇവര്‍ കണ്ടെടുത്തത്. മൂന്നാംദിനംമുതല് സൈന്യത്തിനൊപ്പം ഒന്നിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. മറ്റുവാഹനങ്ങള്ക്കോ മനുഷ്യര്‍ക്കോ കടന്നെത്താന്കഴിയാത്ത ദുര്‍ഘടമേഖലകളില്‍ ഇവരാണ് അതിസാഹസികമായി ആദ്യമെത്തിയത്. വഴിപോലുമില്ലാത്ത പലസ്ഥലത്തേക്കും പോകാന്‍ സൈന്യം ഉപയോഗിച്ചതും ഇവരുടെ ഓഫ്റോഡ് വാഹനങ്ങളാണ്.
സൈന്യം ഉപയോഗിച്ചശേഷം ലേലംചെയ്തുവിറ്റ ഫോര്‍വീല്‍ ഡ്രൈവുള്ള ട്രക്ക് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ക്ലബ്ബ് അംഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇവയെല്ലാം ചൂരല്‍മലയിലും മുണ്ടക്കൈയിലും രാവുംപകലുമില്ലാതെ തലങ്ങും വിലങ്ങും പായുകയായിരുന്നു. 2018-ലെ പ്രളയകാലത്തും 2019-ലെ പുത്തുമല ഉരുള്‍പൊട്ടലിലും പുല്പള്ളി ഓഫ്റോഡേഴ്സ് രക്ഷകരായെത്തിയിരുന്നു.