കൊല്ലം: സാമൂഹികമാധ്യമത്തിൽ തന്നെയും തിരഞ്ഞെടുപ്പ് പ്രക്രിയയെയും വിമർശിച്ച ഡെപ്യൂട്ടി തഹസിൽദാർക്കെതിരേ കേസെടുക്കണമെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യം തള്ളി പോലീസ്. ഇക്കാര്യത്തിൽ ഐ.ടി.നിയമപ്രകാരം കേസ് എടുക്കാനാകില്ലെന്നുകാട്ടി ഇടുക്കി കളക്ടർക്ക് പോലീസ് നൽകിയ റിപ്പോർട്ട് പുറത്തുവന്നു.
നെടുങ്കണ്ടം ഡെപ്യൂട്ടി തഹസിൽദാരും ഉടുമ്പൻചോല നിയമസഭാ മണ്ഡലം തിരഞ്ഞെടുപ്പ് ചുമതലക്കാരിയുമായ സിമി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെയും തിരഞ്ഞെടുപ്പ് സംവിധാനത്തെയും വിമർശിച്ച് സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ഇട്ടെന്ന പരാതിയിലാണ് പോലീസ് റിപ്പോർട്ട്. സിമിക്കെതിരേ ഐ.ടി.നിയമപ്രകാരമുള്ള കുറ്റങ്ങൾ വെളിവാകുന്നില്ലെന്ന് ജില്ലാ പോലീസ് മേധാവി ജൂൺ 25-ന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ഇതേ സംഭവത്തിൽ സിമിയെ സസ്പെൻഡ് ചെയ്ത നടപടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പോളിങ്ങിലുണ്ടായ മെല്ലെപ്പോക്കിന് കാരണം ‘ഉദ്യോഗസ്ഥരുടെ പരിചയക്കുറവാ’ണെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന്റെ പ്രസ്താവനയെ വിമർശിച്ച് സിമി ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടു. പരിഹാസരൂപേണയുള്ള കുറിപ്പിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അടക്കമുള്ള ഉന്നതോദ്യോഗസ്ഥർക്കുണ്ടായ പിഴവുകൾ എടുത്തുപറഞ്ഞിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ, തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചശേഷം സിമിയെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇതേദിവസം തന്നെയാണ് കേസെടുക്കണമെന്നുകാട്ടി ഇടുക്കി കളക്ടർക്ക് കത്തുനൽകിയത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെയും മുഴുവൻ ഐ.എ.എസ്. ഓഫീസർമാരെയും തിരഞ്ഞെടുപ്പ് സംവിധാനത്തെയും അധിക്ഷേപിച്ചെന്നാണ് കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനാകില്ലെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്.