പാലക്കാട്: പി.സരിന് പാര്‍ട്ടി വിട്ടത് ‘ഒരു പ്രാണി പോയതുപോലെയേ ഉള്ളൂ’ എന്ന കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ പരാമര്‍ശത്തോട് മറുപടി പറയാനില്ലെന്ന് പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർഥി ഡോ. പി. സരിന്. അത്തരം പരാമര്‍ശങ്ങളോട് പ്രതികരിക്കേണ്ട ആളല്ല ഇപ്പോള്‍ താനെന്നും സരിന് പറഞ്ഞു. ഒരു നിയോഗം പോലെ പാലക്കാട്ടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന പല ഉത്തരവാദിത്തപ്പെട്ട ആളുകളില്‍ ഒരാളായി താന്‍ മാറിയിരിക്കുകയാണെന്നും മറ്റുസ്ഥാനാര്ഥികളുമായf തട്ടിച്ചുനോക്കുമ്പോള്‍ ഇയാളാണ് യോഗ്യന്‍ എന്ന് ജനങ്ങള്‍ക്ക് മതിപ്പുളവാക്കുന്ന തരത്തിലുള്ള ദൗത്യത്തില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും സരിന് പറഞ്ഞു.
പോരാട്ടം ആളുകളുടെ മനസ്സില്‍ നടക്കുന്ന ചോയ്സ് മേക്കിങ്ങിലാണ്. സംഘപരിവാറിന്റെ രാഷ്ട്രീയത്തിലെ വെറുപ്പിനെയും വിദ്വേഷത്തെയും എല്ലായ്പ്പോഴും തോല്പിക്കുക എന്നത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമാണ്. അതുകൊണ്ടുതന്നെ ‘പൊളിറ്റിക്കല്‍ ഒപ്പോണന്റ്സ്’ ഉണ്ട്. അതുതന്നെയാണ് പാലക്കാട് മുന്‍നിര്‍ത്തി കേരളത്തിന്റെ വിശ്വാസ്യതയിലേക്ക് ഒന്നുകൂടി എല്‍ഡിഎഫ് എടുത്തു വെക്കാനാഗ്രഹിക്കുന്നതെന്നും സരിൻ പറഞ്ഞു.
മത്സരം നടക്കുന്നത് ആളുകളുടെ മനസ്സില്‍ എല്‍.ഡി.എഫ് മുന്നിലെത്തുന്നതിനുവേണ്ടിയാണെന്നും സരിൻ വ്യക്തമാക്കി. മുഖമില്ലാത്ത ആദര്‍ശശുദ്ധിയുള്ള എത്രയോ കോണ്ഗ്രസ്സുകാര് അതിനുള്ളില്‍ ഇപ്പോഴുണ്ട്. അവര്‍ ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ടാവാം. അവര്‍ക്കും നല്ലതുവരണം ആ പ്രസ്ഥാനത്തിനും നല്ലതുവരണം. പേരുകള്‍ അപ്രസക്തമാണ്, അത് സരിനോ ഷാനിബോ ആരുമാവട്ടെ… പ്രശ്നങ്ങളാണ് പ്രസക്തം. ആ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടട്ടെ.’- പി. സരിന് പറഞ്ഞു.
ഷാഫി ഫാന്‍സ് അസോസിയേഷന് രൂപീകരിക്കുന്നതിനെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യം ഇനിയില്ല. അവരെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ പൊതുജനത്തിന്റെ മുമ്പിലുണ്ട്, തീരുമാനങ്ങള്‍ ജനം എടുക്കെട്ടെയെന്നും സരിന് പറഞ്ഞു.
പാലക്കാട് ഇടത് സ്വതന്ത്രനായാണ് കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ വിഭാഗം കണ്‍വീനറായിരുന്ന ഡോ.പി.സരിന് മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തെ യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ യു.ഡി.എഫ്. സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെ എതിർത്ത് രംഗത്തെത്തിയ സരിൻ കോൺഗ്രസ്-ബി.ജെ.പി. ബന്ധം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്ന് കോൺഗ്രസിൽനിന്ന് പുറത്താക്കിയ സരിനെ വെള്ളിയാഴ്ചയാണ് എൽ.ഡി.എഫ്. സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.