തിരുവനന്തപുരം: പി.വി.അൻവറിനെതിരേ വിമർശനവുമായി സി.പി.എം. നേതാവ് പി. ജയരാജൻ. ആരോപണം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറയുകയും ഇതിനുള്ള നടപടികൾ തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ എന്തിനാണ് തുടർച്ചയായ വാർത്താസമ്മേളനം നടത്തി അൻവർ പ്രതിപക്ഷത്തിന് ആയുധം കൊടുക്കുന്നത് എന്ന് ജയരാജൻ ചോദിച്ചു.
അൻവർ ചില പോലീസ് ഉദ്യോഗസ്ഥരെ പേരെടുത്തുപറഞ്ഞുകൊണ്ട് ആരോപണം ഉന്നയിച്ചു. ഇത് മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്തു. തുടർന്ന് എ.ഡി.ജി.പി. അജിത്കുമാറിനെതിരേ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചു. വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടല്ലേ അൻവർ പ്രതികരിക്കേണ്ടിയിരുന്നത്. ഇതിനൊന്നും സർക്കാരിന് സമയം കൊടുക്കാതെയുള്ള പ്രതികരണങ്ങളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്ത മറ്റുപല പരാതികളിലും അന്വേഷണം നടത്തി നിഗമനത്തിൽ എത്തുന്നതിന് മുൻപ് വീണ്ടും വീണ്ടും വലതുപക്ഷത്തിന്റെ തെറ്റായ രാഷ്ട്രീയ ആരോപണങ്ങൾ ആവർത്തിച്ചുക്കൊണ്ടിരിക്കുകയാണ് അൻവർ, ജയരാജൻ വിമർശിച്ചു.
എ.ഡി.ജി.പി. അജിത് കുമാർ ആർഎസ്എസ് നേതാക്കന്മാരെ കണ്ടതായുള്ള അൻവറിന്റെ ആരോപണത്തിൽ തീർച്ചയായും അന്വേഷിക്കണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.