ഓണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പത്തുദിവസങ്ങളിലായി നടക്കുന്ന സദ്യയ്ക്കായി വിപണിയിലെത്തുന്നത് ആറ് കോടിയോളം രൂപയുടെ വാഴയില. ഇതില്‍ രണ്ടുകോടി രൂപ വരെയുള്ള കച്ചവടം തിരുവോണനാളിലേതാണ്. ആറ് കോടിയില്‍ മലയാളിക്ക് കിട്ടുന്നത് തമിഴ്നാട്ടില്‍നിന്ന് ഇത് കൊണ്ടുവരുന്ന ഇടനിലക്കാരുടെയും പ്രാദേശികവ്യാപാരികളുടെയും ലാഭം മാത്രം. അതും പരമാവധി രണ്ടുകോടി രൂപവരെ. ബാക്കിതുക തമിഴ്നാട്ടിലേക്ക് പോകും. ഇലയില്‍നിന്ന് നേട്ടമുണ്ടാക്കാന്‍ കേരളത്തില്‍ കുറേ കൃഷിക്കാര്‍ ശ്രമം നടത്തിവരുന്നുണ്ടെങ്കിലും സ്വയംപര്യാപ്തതയിലേക്ക് ഇനിയും ദൂരമേറെ.
സംസ്ഥാനത്ത് കാറ്ററിങ് മേഖലയിലെ കണക്കുപ്രകാരം മൂന്നുലക്ഷം ഇലകള്‍ വരെയാണ് ഉത്രാടം, തിരുവോണം നാളുകളിലുള്ളത്. ഒരു കെട്ടില്‍ ശരാശരി 250-300 ഇലകള്‍ വരെയുണ്ട്. ഇലയൊന്നിന് നാലുരൂപപ്രകാരം 1200 രൂപ വരെ വില വരും. ഉത്രാടം, തിരുവോണം നാളുകളില്‍ കെട്ടിന്റെ വില 2000 രൂപ വരെയാകും.
തമിഴ്നാട്ടിലെ മേട്ടുപ്പാളയം, കോയമ്പത്തൂര്‍, മൈസൂര്‍, പുളിയംപെട്ടി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് ഇല എടുക്കുന്നത്. അവിടെ കെട്ടൊന്നിന് 1000 വരെ വിലയുണ്ട്. ഇവിടെ തദ്ദേശീയമായി വാങ്ങുന്ന ഇലയ്ക്ക് കൃഷിക്കാര്‍ക്ക് മൂന്നുരൂപ വരെ കിട്ടും. ഏഴ് രൂപയ്ക്കാണ് ഓണ്‍ലൈനില്‍ വില്‍പ്പനയെന്ന് തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൈ ഓണ്‍ലൈന്‍വിപണി ചുമതലക്കാര്‍ പറഞ്ഞു. ഇവര്‍ ഒരു കുടുംബകൃഷി കൂട്ടായ്മയുടെ വാഴത്തോട്ടത്തില്‍നിന്നാണ് ഇല എടുക്കുന്നത്. കേരളത്തില്‍നിന്ന് ഓണസദ്യയ്ക്കൊപ്പം ഇലയും ഗള്‍ഫ് നാടുകളിലേക്ക് കയറ്റിവിടുന്നുണ്ട്. നാല് ടണ്‍ ഇലയാണ് സമീപദിനങ്ങളില്‍ കൊച്ചിയില്‍നിന്ന് കയറിപ്പോയത്.
ഒരു ഞാലിപ്പൂവന് വാഴവിത്തിന് 25 മുതല്‍ 30 രൂപ വരെയാണ് വില. നട്ടുവളര്‍ത്തി പരിചരിച്ച് വില്ക്കുമ്പോള് നല്ല കുലയാണെങ്കില്‍ ശരാശരി അഞ്ഞൂറ് രൂപ കിട്ടും. ചെലവുകള്‍ നോക്കുമ്പോള്‍ കാര്യമായ മെച്ചം കര്‍ഷകനില്ല. ഇലയ്ക്ക് വേണ്ടിയാകുമ്പോള്‍ ഒരേക്കര്‍ സ്ഥലത്ത് അഞ്ഞൂറ് മൂട് വാഴ വെക്കാം. ഒരുമാസം പിന്നിടുമ്പോള്‍ ഇലകള്‍ വെട്ടിത്തുടങ്ങാം. ഒരുവാഴയില്നിന്നും ആഴ്ചയില്‍ രണ്ട് ഇലകള്‍ വീതം വെട്ടാം. വിത്തുകള്‍ മുളയ്ക്കുമ്പോള്‍ ഇലകളുടെ എണ്ണവും വരുമാനവും കൂടും. ഒരു വാഴയില്‍നിന്നും ആയിരം രൂപയിലധികം വരുമാനം ഉണ്ടെന്ന് പാമ്പാടി മുളയക്കുന്നിലെ കര്ഷകന് എം.സി. ബാബു പറയുന്നു. പാട്ടത്തിനെടുത്ത രണ്ടേക്കര്‍ സ്ഥലത്ത് ആയിരത്തിലധികം വാഴകളാണ് ഇദ്ദേഹം വളര്‍ത്തുന്നത്.