കോഴിക്കോട്/മാവൂര്‍: മുന്നൂറിലേറെ വര്‍ഷം പഴക്കമുള്ള പൂവാട്ടുപറമ്പ് പെരുവയലിലെ പാടേരി ഇല്ലത്ത് വന്‍ കവര്‍ച്ച. വയോധികയായ വീട്ടമ്മമാത്രം താമസിച്ചിരുന്ന ഇല്ലത്തിന്റെ മുന്‍വാതില്‍ ഉള്‍പ്പെടെ ആറ് വാതിലുകളുടെ പൂട്ടുതകര്‍ത്ത് 19 ലക്ഷത്തിലേറെ രൂപ വിലവരുന്ന ആഭരണങ്ങള്‍ കവര്‍ന്നു.
പെരിങ്ങൊളം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ റിട്ട. പ്രധാനാധ്യാപകന് പരേതനായ ഗോവിന്ദന്നമ്പൂതിരിയുടെ ഭാര്യ നിര്‍മല അന്തര്‍ജനം (73) താമസിക്കുന്ന ചെറുകുളത്തൂര്‍ കുന്നത്തുപറമ്പിലെ പാടേരി ഇല്ലത്താണ് ശനിയാഴ്ച രാത്രിക്കും ഞായറാഴ്ച പകലിനും ഇടയില്‍ കവര്‍ച്ച നടന്നത്. 30 പവനിലേറെ തൂക്കംവരുന്ന വളകള്‍, മാലകള്‍, പവിത്രമോതിരം, മണിമാല എന്നിവയും വെള്ളിക്കെട്ടിയ തുളസിമാല ഉള്‍പ്പെടെയുള്ള വെള്ളി ആഭരണങ്ങളും കവര്‍ന്നിട്ടുണ്ട്.
രാത്രി ഒറ്റയ്ക്കാകാതിരിക്കാന്‍, പകല്‍ മുഴുവന്‍ വീട്ടില്‍ കഴിഞ്ഞശേഷം സന്ധ്യയോടെ ഇടവഴിക്കപ്പുറത്തുള്ള കുടുംബവീട്ടില്പ്പോയാണ് നിര്‍മല അന്തര്‍ജനം ഉറങ്ങിയിരുന്നത്. സംഭവദിവസവും അങ്ങനെ പോയ ഇവര്‍ രാവിലെ തിരികെയെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്റെ മുന്‍വാതില്‍ പൂട്ടുപൊളിച്ചശേഷം അകത്ത് കടന്ന മോഷ്ടാക്കള്‍ നാല് ചെറിയ മുറികളുടെയും രണ്ടുഹാളിന്റെയും പൂട്ട് പൊളിച്ചിട്ടുണ്ട്. ഇതില്‍ ഒരു മുറിയിലെ അലമാരയില്‍ സൂക്ഷിച്ച ആഭരണമാണ് കവര്‍ന്നത്.
കേരളത്തിലെത്തന്നെ പ്രധാന തന്ത്രി കുടുംബങ്ങളില്‍ ഒന്നായ പാടേരി ഇല്ലത്തെ കുടുംബാംഗങ്ങള്‍ പല വീടുകളിലായി ഒരേ പറമ്പില്‍ത്തന്നെയാണ് താമസം.
എന്നാല്‍, ഓണാഘോഷത്തിന്റെ പലവിധ ശബ്ദങ്ങള്‍ പരിസരങ്ങളില്‍ ഉണ്ടായിരുന്നത് പൂട്ട് പൊളിക്കുന്നതുള്‍പ്പെടെയുള്ള ശബ്ദം കേള്‍ക്കുന്നതിന് തടസ്സമായതായി ബന്ധുക്കള്‍ പറഞ്ഞു.
വിവരമറിഞ്ഞ്, ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ അരുണ്‍ കെ. പവിത്രന്, അസിസ്റ്റന്റ് കമ്മിഷണര്‍ എ. ഉമേഷ്, മാവൂര്‍ ഇന്‍സ്പെക്ടര്‍ പി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
പോലീസ് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ശാസ്ത്രീയ അന്വേഷണസംഘവും തെളിവുകള്‍ ശേഖരിച്ചു. ഡി.സി.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണമാരംഭിച്ചു. മാവൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. കവര്‍ച്ചയ്ക്ക് മൂന്നിലേറെപ്പേര്‍ ഉണ്ടായിരുന്നെന്നും പിക്കാസ് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.