പാരീസ്: പാരീസ് പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണ മെഡല്‍. പുരുഷന്മാരുടെ ജാവലിന്‍ എഫ് 41 വിഭാഗത്തില്‍ നവ്ദീപ് സിങ്ങിനാണ് സ്വര്‍ണം. പാരാലിമ്പിക്സില്‍ ഈ വിഭാഗത്തില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമെഡലാണിത്. പാരാലിമ്പിക്സ് വേദിയില്‍ ആക്ഷേപകരമായ പതാക പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് ഇറാന് താരം സദേഗ് ബെയ്ത് സയാഹിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് നേരത്തേ വെള്ളി മെഡല്‍ നേടിയ നവ്ദീപ് സിങ്ങിന് സ്വര്‍ണം ലഭിച്ചത്. പാരാലിമ്പിക്സ് വേദികളില്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റിയുടെ വിലക്കുണ്ട്.
ഫൈനലില്‍ തന്റെ അവസാനത്തെ ത്രോയില്‍ 47.64 മീറ്റര്‍ ദൂരം കണ്ടെത്തി സദേഗ് ബെയ്ത് സയാഹ് സ്വര്‍ണം ഉറപ്പിച്ചതായിരുന്നു. 47.32 മീറ്ററോടെ നവ്ദീപ് വെള്ളിയും. എന്നാല്‍ അമിതാവേശത്തില്‍ വേദിയില്‍ ആക്ഷേപകരമായ പതാക പ്രദര്‍ശിപ്പിച്ചതോടെ അന്താരാഷ്ട്ര പാരാലിമ്പിക്സ് കമ്മിറ്റി താരത്തെ അയോഗ്യനാക്കുകയായിരുന്നു. ഇതോടെ നവ്ദീപിന്റെ വെള്ളി സ്വര്‍ണമായി. പാരാലിമ്പിക് റെക്കോഡും ഇതോടെ നവ്ദീപിന് സ്വന്തമായി. ചൈനയുടെ സണ്‍ പെങ്സിയാങ് (44.72 മീറ്റര്‍) വെള്ളിയും ഇറാഖിന്റെ വൈല്ഡന് നുഖൈലാവി (40.46 മീറ്റര്‍) വെങ്കലവും നേടി.
വനിതകളുടെ 200 മീറ്റര്‍ ടി12 ഇനത്തില്‍ ഇന്ത്യയുടെ സിമ്രാന് ശര്‍മ വെങ്കലം നേടി. 24.75 സെക്കന്‍ഡിലായിരുന്നു താരത്തിന്റെ ഫിനിഷ്. ഇതോടെ പാരീസ് പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 29 ആയി ഉയര്‍ന്നു. നിലവില്‍ ഏഴു സ്വര്‍ണവും ഒമ്പത് വെള്ളിയും 13 വെങ്കലവുമായി 15-ാം സ്ഥാനത്താണ് ഇന്ത്യ. ഗെയിംസ് ഞായറാഴ്ച സമാപിക്കും.