കളമശ്ശേരി (എറണാകുളം): അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കുന്ന വിഷയത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഹൈക്കോടതി നിര്‍ദേശപ്രകാരം എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപ് സോമനാഥാണ് ഇതു സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുന്നത്.
ലോറന്‍സിന്റെ മക്കളുടെ വാദമുഖങ്ങള്‍ കേള്‍ക്കുന്നതിന് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളുടെ തലവന്മാര് ഉള്‍പ്പെടെയുള്ളവരെ ചേര്‍ത്ത് കമ്മിറ്റി രൂപവത്കരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. പ്രതാപ് സോമനാഥ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍, അനാട്ടമി ഹെഡ് ഡോക്ടര്‍ സി.കെ. ഇന്ദിര, ഫൊറന്‍സിക് ഹെഡ് ഡോ. സന്തോഷ്, മൃതദേഹങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള നോഡല്‍ ഓഫീസര്‍ ഡോ. സാന്‍ഡോസ് ജോര്‍ജ് ജോസഫ്, പീഡിയാട്രിക് ഹെഡ് ഡോ. ഷിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ടി. സുരേഷ് കുമാര്‍ എന്നിവരാണ് കമ്മിറ്റിയില്‍ ഉള്ളത്.
ലോറന്‍സിന്റെ മക്കളായ ആശ ലോറന്‍സ്, അഡ്വ. എം.എല്‍. സജീവന്, സുജാത ബോബന് എന്നിവര്‍ക്ക് ബുധനാഴ്ച മെഡിക്കല്‍ കോളേജില്‍ എത്തി കമ്മിറ്റി മുന്‍പാകെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ കത്തയച്ചിട്ടുണ്ട്. പ്രിന്‍സിപ്പലിന്റെ ഓഫീസിലായിരിക്കും കമ്മിറ്റിയും മൊഴിയെടുക്കലും.
സഹോദരിയെ ചിലര്‍ ഉപകരണമാക്കി-എം.എല്‍. സജീവന്
കൊച്ചി: തന്റെ സഹോദരിയെ ചിലര്‍ ഉപകരണമാക്കി മാറ്റിയെന്ന് ലോറന്‍സിന്റെ മകന് എം.എല്‍. സജീവന് പറഞ്ഞു. സഹോദരി ആശ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റുകളും ചിലരുടെ സംഭാഷണവും ശ്രദ്ധിച്ചതില്നിന്ന് മൃതദേഹം ആശുപത്രിക്ക് വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പ് ഉണ്ടാകുമെന്ന് സൂചന ലഭിച്ചിരുന്നു. ടൗണ്‍ ഹാളിലുണ്ടായ സംഭവത്തിലൂടെ ബി.ജെ.പി.യെ വളര്‍ത്താമെന്ന തെറ്റിദ്ധാരണ ചിലര്‍ക്കുണ്ട്. മൃതദേഹം പഠനത്തിന് വിട്ടുനല്‍കണമെന്ന കാര്യം പിതാവ് എഴുതിവെച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. തന്നോട് നേരിട്ടും മറ്റ് പലരോടും പിതാവ് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സജീവന് പറഞ്ഞു.