ഉജ്ജയിനി: തിരക്കേറിയ ഉജ്ജയിനി നഗരത്തിലെ ഫുട്പാത്തിൽ വെച്ച് യുവതി ബലാത്സംഗത്തിനിരയായ ദൃശ്യങ്ങൾ പകർത്തിയ വ്യക്തി അറസ്റ്റിൽ. മുഹമ്മദ് സലിം (42) എന്ന ഓട്ടോറിക്ഷാ ഡ്രൈവറെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ഉജ്ജയിനി പൊലീസ് സൂപ്രണ്ട് പ്രദീപ് ശർമ പറഞ്ഞു.
ദൃശ്യങ്ങൾ പുറത്ത് വന്നതോടുകൂടിയാണ് സംഭവം ജനങ്ങൾ അറിഞ്ഞത്. വീഡിയോ ആരാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്താൻ ജില്ലാ പൊലീസ്, സൈബർ, സോഷ്യൽ മീഡിയ ടീമുകളെ വിന്യസിച്ചതായി പൊലീസ് സൂപ്രണ്ട് പറഞ്ഞു.
‘ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ വീഡിയോ പോസ്റ്റ് ചെയ്ത പ്രതികളെ സംഘം തിരിച്ചറിഞ്ഞു. പ്രതിക്ക് മുൻകാല ക്രിമിനൽ റെക്കോർഡും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്,’ ശർമ പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് ശർമ പറഞ്ഞു. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ ന്യായ സംഹിത സെക്ഷൻ 72 (ചില കുറ്റകൃത്യങ്ങളുടെ ഇരയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തൽ), 77 (സ്വകാര്യ പ്രവൃത്തിയിൽ ഏർപ്പെടുന്ന ഒരു സ്ത്രീയുടെ ചിത്രം കാണുന്നത് ), 294 (അശ്ലീല ഉള്ളടക്കം വിൽക്കൽ) എന്നിവ പ്രകാരം പൊലീസ് സലിമിനെതിരെ കേസെടുത്തു. ഐ.ടി ആക്ടിൻ്റെ 67, സെക്ഷൻ 4 എന്നിവ പ്രകാരവും കേസ് എടുത്തിട്ടുണ്ട്.
മധ്യപ്രദേശിലെ ഉജ്ജയിനിയിൽ തിരക്കേറിയ റോഡിൽ വെച്ച് യുവതി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു. വഴിയാത്രക്കാർ യുവതിയെ സംരക്ഷിക്കുന്നതിന് പകരം ലൈംഗികാതിക്രമം ഫോണിൽ ചിത്രീകരിക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ മണ്ഡലത്തിലാണ് കുറ്റകൃത്യം നടന്നത്.
നഗരത്തിലെ ഏറ്റവും തിരക്കേറിയ ഇടങ്ങളിലൊന്നായ കൊയ്ല ഫടക് ഏരിയയിലാണ് സംഭവം നടന്നത്. പ്രതി ലോകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രി പെറുക്കി ജീവിക്കുന്ന യുവതിയെ ലോകേഷ് വിവാഹം ചെയ്യാമെന്ന് പ്രലോഭിപ്പിച്ച് തന്റെ കൂടെ കൊണ്ടുപോകാൻ ശ്രമിച്ചു. തുടർന്ന് യുവതിയെക്കൊണ്ട് മദ്യം കുടിപ്പിക്കുകയും ഫുട്പാത്തിൽ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. സമീപത്ത് കൂടി പോയ യാത്രക്കാർ ആരും തന്നെ യുവതിയെ സഹായിച്ചില്ല.