നാദാപുരം(കോഴിക്കോട്): വാഹനപരിശോധനയ്ക്കിടെ കാറില്‍ കടത്തുകയായിരുന്ന 32.62 ഗ്രാം എം.ഡി.എം.എ.യുമായി യുവാവും യുവതിയും പിടിയില്‍. കോട്ടാരക്കുന്ന് തയ്യില്‍ മുഹമ്മദ് ഇജാസ് (26), വയനാട് കുമ്പളക്കടവ് പുതിയവീട്ടില്‍ അഖില (24) എന്നിവരാണ് നാദാപുരം പോലീസിന്റെ പിടിയിലായത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ പേരോട് പാറക്കടവിലാണ് സംഭവം. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയംതോന്നിയ പോലീസ് വിശദമായി വാഹനപരിശോധനയ്ക്കൊരുങ്ങി. ഇതോടെ യുവാവും യുവതിയും പോലീസിനുനേരേ ആക്രോശവും ബഹളവുമായി. ബലമായി വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് പ്രതികളെ നാദാപുരം സ്റ്റേഷനിലേക്കെത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ സീറ്റിനടിയില്‍നിന്ന് എം.ഡി.എം.എ. കണ്ടെടുക്കുകയായിരുന്നു.
പ്രതികളെ സ്റ്റേഷനിലേക്കു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ഒന്നാംപ്രതിയായ ഇജാസ് സ്റ്റേഷന്റെ മുന്‍വശംവഴി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്.