മമ്മൂട്ടി നായകനായ ‘വല്യേട്ടൻ’ വീണ്ടും റിലീസിന് എത്തുകയാണ്. 4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിലെ ഗാനം ദൃശ്യമികവോടെ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ ബൈജു അമ്പലക്കര, അനിൽ അമ്പലക്കര എന്നിവർ നിർമിച്ച്, രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘വല്യേട്ടൻ’ പ്രദർശനത്തിനെത്തിയിട്ട് ഇരുപത്തിയഞ്ചു വർഷം പൂർത്തിയാകുന്ന വർഷമാണിത്.
‘മാനത്തെ മണിത്തുമ്പ മുട്ടിൽ മേട സൂര്യനോ…’ എന്ന ഗാനമാണ് റിലീസായത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അറയ്ക്കൽ മാധവനുണ്ണിയും സഹോദരന്മാരും ചേർന്നുള്ള ഒരാഘോഷമാണ് ഈ ഗാനത്തിൻ്റെ സന്ദർഭം. ഗിരീഷ് പുത്തഞ്ചേരി രചിച്ച്, മോഹൻ സിതാര ഈണമിട്ട് എം.ജി. ശ്രീകുമാറും സംഘവും പാടിയ ഈ ഗാനത്തിൽ മമ്മൂട്ടി, സിദ്ദിഖ്, മനോജ്. കെ. ജയൻ, വിജയകുമാർ, സുധീഷ് എന്നിവരാണ് അണിനിരക്കുന്നത്.
ശോഭന, പൂർണ്ണിമ ഇന്ദ്രജിത്ത്, എൻ.എഫ്. വർഗീസ്, കലാഭവൻ മണി തുടങ്ങിയവരും ചിത്രത്തിലുണ്ട്. മാറ്റിനിനൗ എന്ന കമ്പനിയാണ് ഈ ചിത്രം 4k ഡോൾബി അറ്റ്മോസിൽ അവതരിപ്പിക്കുന്നത്.
ഒക്ടോബർ ആദ്യവാരത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ- വാഴൂർ ജോസ്.