കൊണ്ടോട്ടി : ഇറക്കുമതിത്തീരുവ വെട്ടിക്കുറച്ചതോടെ സ്വർണക്കടത്തിൽ നിന്നുള്ള ലാഭം കുറഞ്ഞതിനാൽ കടത്തു സംഘങ്ങൾ കളമൊഴിയുന്നു. ജൂലായിൽ സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ 15 ശതമാനത്തിൽ നിന്ന് ആറു ശതമാനമായാണ് കേന്ദ്രം കുറച്ചത്. നികുതി വെട്ടിപ്പിലൂടെ ഒരു കിലോ സ്വർണം നാട്ടിലെത്തിച്ചാൽ നേരത്തെ ചെലവുകൾ കിഴിച്ച് നാല്- അഞ്ചു ലക്ഷം രൂപ ലഭിക്കുമായിരുന്നു.
സ്വർണം കൊണ്ടുവരുന്ന കരിയർമാരുടെ കൂലി, വിമാനടിക്കറ്റ്, സ്വർണം കടത്താനുള്ള രൂപത്തിലാക്കുന്ന സംഘങ്ങളുടെ പ്രതിഫലം ഇതല്ലാം കിഴിച്ചാണ് ഇത്രയുംരൂപ ലഭിച്ചിരുന്നത്. തീരുവ കുറച്ചതോടെ ലാഭം ഒന്ന്- ഒന്നര ലക്ഷമായി കുറഞ്ഞു. കുറഞ്ഞ കാലയളവിനുള്ളിൽ പണം നിക്ഷേപിച്ച് വലിയ ലാഭം നേടാവുന്ന മേഖലയായിരുന്നു നേരത്തെ സ്വർണക്കടത്ത്. ഇപ്പോഴതിൽ നിന്നുള്ള ലാഭം ഗണ്യമായി കുറഞ്ഞു. ഇതോടെയാണ് മാഫിയകൾ പിന്നോട്ടടിച്ചത്.
കരിപ്പൂരിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ കസ്റ്റംസ് ഒരു തവണ മാത്രമാണ് സ്വർണം പിടിച്ചത്. പരിശോധന പതിവുപോലെ നടത്തുന്നുണ്ടെന്നും സ്വർണവുമായി വരുന്നവരുടെ എണ്ണം കാര്യമായി കുറഞ്ഞതാണ് കേസുകൾ കുറയാൻ കാരണമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു. വിദേശ സിഗരറ്റ് അടക്കമുള്ള മറ്റു കള്ളക്കടത്തു സാധനങ്ങൾ ഇക്കാലയളവിൽ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.
10.75 ശതമാനമായിരുന്ന ഇറക്കുമതിത്തീരുവ 2022-ലാണ് കേന്ദ്രം 15 ശതമാനമായി ഉയർത്തിയത്. രൂപയുടെ മൂല്യശോഷണം തടയുന്നതിന് ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അന്ന് തീരുവ വർധിപ്പിച്ചത്. ഫലത്തിൽ അത് സ്വർണക്കടത്ത് വർധിക്കുന്നതിനു കാരണമായി.പിടികൂടുന്ന സ്വർണം കേന്ദ്രസർക്കാരിലേക്ക് കണ്ടുകെട്ടുകയാണ് ചെയ്യുന്നത്. സ്വർണം പിടികൂടുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്കും ഇനാം നൽകുന്നുണ്ട്. ഒരു കിലോ സ്വർണം പിടികൂടിയാൽ 75,000 രൂപയാണ് ഇനാം. ഇതിന്റെ 50 ശതമാനം ഉടൻ ലഭിക്കും. ബാക്കി തുക സർക്കാരിലേക്ക് കണ്ടുകെട്ടും. സ്വർണക്കടത്ത് കുറഞ്ഞതോടെ, ഇതിന്റെ മറപറ്റി നടന്നിരുന്ന ഹവാല ഇടപാടുകൾ കയറ്റുമതി, ഇറക്കുമതി മേഖലയിലേക്ക് വ്യാപിച്ചതായി കസ്റ്റംസ് സംശയിക്കുന്നു. കയറ്റ് – ഇറക്കുമതിയിലെ ഇടപാടുകൾ കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്.