കേന്ദ്രസർക്കാർ സെപ്റ്റംബർ രണ്ടിന് തുടങ്ങുമെന്ന് അറിയിച്ച 21-ാം കന്നുകാലി സെൻസസ് കേരളത്തിൽ തുടങ്ങിയില്ല. മുന്നൊരുക്കങ്ങൾ ചെയ്യാത്തതിനാൽ എന്യൂമറേറ്റർമാർ വിട്ടുനിൽക്കുന്നതാണ് കാരണം. എന്യൂമറേറ്റർമാർക്കുള്ള പരിശീലനം പൂർത്തിയാക്കിയിട്ടില്ല, ഓൺലൈൻ സെൻസസ് ചെയ്യാനാവശ്യമായ ടാബ്ലറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല തുടങ്ങിയ കാരണങ്ങളാലാണ് ഇവർ വിട്ടുനിൽക്കുന്നത്. സെൻസസിനുള്ള ആപ്പും ഇതുവരെ പുറത്തിറക്കിയിട്ടില്ല.
സെപ്റ്റംബർ രണ്ടുമുതൽ ഡിസംബർ 31 വരെ നടക്കുന്ന സെൻസസിന്റെ എന്യൂമറേറ്റർമാരായി 2798 ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരെയും അസി. ഫീൽഡ് ഓഫീസർമാരെയുമാണ് ചുമതലപ്പെടുത്തിയത്. നിലവിൽ സെപ്റ്റംബർ 13 വരെ നാലാംഘട്ട ദേശീയ ജന്തുരോഗ നിവാരണ പദ്ധതി പ്രകാരമുള്ള കുളമ്പുരോഗ, ചർമമുഴ പ്രതിരോധ കുത്തിവെപ്പ് നടക്കുകയാണ്. ഇതോടൊപ്പം ഇവർ ദിവസേന ചെയ്യേണ്ട കൃത്രിമ ബീജാദാനം, പ്രഥമശുശ്രൂഷ എന്നിവ തടസ്സപ്പെടാതിരിക്കാനും പകരം സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. ഒരു എന്യൂമറേറ്റർക്ക് സെൻസസിനായി പരമാവധി 3000 വീടുകളേ നൽകാവൂ എന്നാണ് കേന്ദ്രനിർദേശം. പക്ഷേ, സംസ്ഥാനത്ത് 4,000 മുതൽ 10,000 വീടുകൾ നൽകിയിട്ടുണ്ട്.
ടാബുകൾ ഉപയോഗശൂന്യം : 2016-17 വർഷം ജീവനക്കാർക്ക് ലഭിച്ച ടാബ്ലറ്റുകളിൽ ഭൂരിഭാഗവും ഉപയോഗിക്കാൻ കഴിയാത്തതിനാൽ മാസങ്ങൾക്ക് മുൻപ് തിരിച്ചേൽപ്പിച്ചിരുന്നു. സെൻസസ് നടക്കേണ്ട സമയത്ത് പോലും പകരം നൽകിയില്ല. ജീവനക്കാരുടെ മൊബൈൽഫോൺ ഉപയോഗിച്ച് സെൻസസ് ചെയ്യേണ്ട സ്ഥിതിയാണ്.
കഴിഞ്ഞ സെൻസസിന്റെ വേതനവും കിട്ടാൻ ബാക്കി: സെൻസസ് ചെയ്യേണ്ട വീടുകളുടെ എണ്ണം കുറയ്ക്കുക, ടാബ്ലറ്റ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യമൊരുക്കുക തുടങ്ങിയവയാണ് എന്യൂമറേറ്റർമാരുടെ പ്രധാന ആവശ്യം. 2019-ൽ നടന്ന സെൻസസിന്റെ വേതനം അഞ്ചുവർഷമായിട്ടും കൊടുത്തുതീർത്തിട്ടുമില്ല