മലപ്പുറം: ഭാവിയിൽ ഒരു രാഷ്ട്രീയപ്പാർട്ടിയുടേയും പിന്തുണ തനിക്ക് ആവശ്യമില്ലെന്ന് സിപിഎം സ്വതന്ത്ര എം.എൽ.എ. കെ.ടി. ജലീൽ. താൻ പൂർണസ്വതന്ത്രനാണെന്നും അദ്ദേഹം പറഞ്ഞു. പി.വി. അൻവർ എം.എൽ.എ.യുടെ പല നീരീക്ഷണങ്ങളോടും യോജിപ്പുണ്ടെന്നും എന്നാൽ മറ്റു പല അഭിപ്രായങ്ങളോടും തനിക്ക് ശക്തമായ വിയോജിപ്പുണ്ടെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തന്റെ 12-ാമത് പുസ്തകം പ്രകാശനം ചെയ്ത ശേഷം അവയൊക്കെ ഇന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.ടി. ജലീൽ പറഞ്ഞത്; മലപ്പുറം ജില്ലയിൽ നിന്ന് 20 വർഷം തുടർച്ചയായി ജയിക്കുന്ന ആദ്യത്തെ ഇടതുപക്ഷ പ്രതിനിധിയാണ് ഞാൻ. പാർലമെന്ററി രാഷ്ട്രീയ പ്രവർത്തനത്തിനപ്പുറം മറ്റുപല കാര്യങ്ങളും ചെയ്യാനുണ്ട്. എനിക്കിനി പാർലമെന്ററി രാഷ്ട്രീയത്തിൽ താത്പര്യമില്ല. ഒരു ബോർഡ് ചെയർമാൻ പോലും ഇനി ആകേണ്ട കാര്യമില്ല. എന്ന് പറഞ്ഞുകൊണ്ട് ചില കാര്യങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. ഭാവിയിൽ ഒരാളുടേയും പിന്തുണയോ സഹായമോ വേണ്ടാത്ത ഒരാളാണ് ഞാൻ.
മുഖ്യമന്ത്രിയുടേതായാലും സി.പി.എം. പാർട്ടിയുടേതായാലും കോൺഗ്രസിന്റേതായാലും ലീഗിന്റേതായാലും ഏത് പാർട്ടിയുടേതായാലും അങ്ങനെ ഒരു പ്രത്യേക സഹായം എനിക്കോ എന്റെ മക്കൾക്കോ വേണ്ട എന്ന് തീരുമാനിക്കുന്ന ഒരാൾക്ക് അയാളുടെ നിലപാട് വ്യക്തതയോടെ പറയാൻ കഴിയും.
പി.വി. അൻവറിന്റെ പല നിരീക്ഷണങ്ങളോടും പല അഭിപ്രായങ്ങളോടും യോജിപ്പുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളോടും ശക്തമായ വിയോജിപ്പുണ്ട്. അത് നാലരയ്ക്ക് കാണാം. ഒരാളുടെ സഹായവും ആവശ്യമില്ല. അതുകൊണ്ട് തന്നെ ഒരാളേയും പ്രീതിപ്പെടുത്തേണ്ട ആവശ്യമില്ല. എന്താണ് കഴിഞ്ഞ കാല അനുഭവത്തിൽ നിന്ന് എനിക്കെന്താണ് മനസ്സിലായത്. അതാണ് പറയുക- കെ.ടി. ജലീൽ പറഞ്ഞു.