ന്യൂഡല്‍ഹി: ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ അടുത്ത ഐ.സി.സി. ചെയര്‍മാനായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രെഗ് ബാര്‍ക്ലെയുടെ പിന്‍ഗാമിയായി വരുന്ന പേരുകളില്‍ മുന്‍പന്തിയില്‍ ജയ്ഷായുടെ പേരാണുള്ളത്. ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും പിന്തുണ ജയ്ഷായ്ക്കുണ്ടെന്നാണ് സൂചന. ജയ്ഷാ ഐ.സി.സി. ചെയര്‍മാനായാല്‍ ഒഴിവുവരുന്ന ബി.സി.സി.ഐ. സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.
പ്രമുഖ ഹിന്ദി മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം രോഹന് ജെയ്റ്റ്ലി അടുത്ത ബി.സി.സി.ഐ. സെക്രട്ടറിയായേക്കുമെന്നാണ് സൂചന. നിലവില്‍ ഡല്‍ഹി ആന്‍ഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് (ഡി.ഡി.സി.എ.) അധ്യക്ഷനാണ് അദ്ദേഹം. ഐ.സി.സി. ചെയര്‍മാന്‍സ്ഥാനത്തേക്ക് വന്നാല്‍, ആ പദവിയിലിരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറും ജയ്ഷാ. 36 വയസ്സാണ് അദ്ദേഹത്തിന്.
ഇന്ത്യക്കാരായ ജഗ്മോഹന് ഡാല്‍മിയ, ശരദ് പവാര്‍, എന്‍. ശ്രീനിവാസന്, ശശാങ്ക് മനോഹര്‍ എന്നിവര്‍ നേരത്തേ ഈ പദവിയിലിരുന്നവരാണ്. ശശാങ്ക് മനോഹര്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് ന്യൂസീലന്‍ഡുകാരനായ ഗ്രെഗ് ബാര്‍ക്ലെ ഐ.സി.സി. ചെയര്മാന് സ്ഥാനത്തെത്തിയത്. നിലവില്‍ ഐ.സി.സി.യുടെ ഫിനാന്‍സ് ആന്‍ഡ് കൊമേഴ്സ്യല്‍ കാര്യ സബ് കമ്മിറ്റി മേധാവിയാണ് ജയ്ഷാ.