അനന്ത്നാഗ്: ജമ്മു-കശ്മീർ നിയമസഭാതിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ നടപ്പാക്കാൻ അഞ്ച് ഉറപ്പുകൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബുധനാഴ്ച പ്രഖ്യാപിച്ചു. ഒരു കുടുംബത്തിന് 25 ലക്ഷം രൂപവരെ ആരോഗ്യ ഇൻഷുറൻസ്, വനിതാ സംരംഭകർക്ക് അഞ്ചുലക്ഷം രൂപ പലിശരഹിത വായ്പ എന്നിവയാണ് ഉറപ്പുകളിൽ പ്രധാനം.
അനന്ത്നാഗിൽ കോൺഗ്രസ്-നാഷണൽ കോൺഗ്രസ് പ്രചാരണസമ്മേളനത്തിലായിരുന്നു ഖാർഗെയുടെ പ്രഖ്യാപനം. പൊതുവിതരണ സമ്പ്രദായത്തിലൂടെ ഒരാൾക്ക് 11 കിലോ ധാന്യങ്ങൾ നൽകിയിരുന്ന പദ്ധതി പുനഃസ്ഥാപിക്കും. കുടുംബനാഥകൾക്ക് പ്രതിമാസം 3000 രൂപ സഹായം നൽകും.
കശ്മീരിപണ്ഡിറ്റ് കുടിയേറ്റക്കാരുടെ പുനരധിവാസത്തിന് മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ കാലത്ത് നൽകിയ വാഗ്ദാനം പാലിക്കുമെന്നും ഖാർഗെ പറഞ്ഞു. നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
ജമ്മു-കശ്മീരിൽ ഒരുലക്ഷം തൊഴിലവസരങ്ങളുണ്ട്. എന്നാൽ, ബി.ജെ.പി. നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നിലവിലെ ഭരണക്കാർക്ക് ഇവിടത്തെ ജനങ്ങൾ ദരിദ്രരായി തുടരാനാണ് താത്പര്യം. അതുകൊണ്ടുതന്നെ ഒഴിവുകളൊന്നും നികത്തുന്നില്ല. കോൺഗ്രസ്-എൻ.സി. സഖ്യം അധികാരത്തിൽ വന്നാൽ എല്ലാ ഒഴിവുകളും നികത്തും. ജമ്മു-കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തും -ഖാർഗെ പറഞ്ഞു.
20 സീറ്റുകൂടി കിട്ടിയിരുന്നെങ്കിൽ ബി.ജെ.പി.ക്കാർ ജയിലിൽക്കിടന്നേനെ -ഖാർഗെ
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 20 സീറ്റുകൂടി കിട്ടിയിരുന്നെങ്കിൽ ബി.ജെ.പി.ക്കാർ ഇപ്പോൾ ജയിലിൽക്കിടന്നേനെയെന്ന് മല്ലികാർജുൻ ഖാർഗെ. “400 സീറ്റ് ഉറപ്പാണെന്നാണ് തിരഞ്ഞെടുപ്പിനു മുൻപ് ബി.ജെ.പി.ക്കാർ പറഞ്ഞത്. എവിടെപ്പോയി നിങ്ങളുടെ 400 സീറ്റ് ? ഇത്തവണ അവർക്ക് 240 കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഞങ്ങൾക്ക് 20 സീറ്റുകൂടി ഉണ്ടായിരുന്നെങ്കിൽ, അവരെല്ലാം ഇപ്പോൾ ജയിലിലാകുമായിരുന്നു, ശരിക്കും തടവറ അവർ അർഹിക്കുന്നു” -ഖാർഗെ പറഞ്ഞു.