കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പശ്ചിമ ബംഗാളിൽ സംഘർഷം ശക്തമാകുന്നതിനിടയിൽ വിവാദ പരാമർശവുമായി മുഖ്യമന്ത്രി മമത ബാനർജി. ബംഗാൾ കത്തിച്ചാൽ അസം, ബിഹാർ, ഝാർഖണ്ഡ്, ഒഡീഷ, ഡൽഹി സംസ്ഥാനങ്ങൾ കത്തുമെന്ന് മമത പറഞ്ഞു.
പ്രധാനമന്ത്രി ബംഗാളിൽ അശാന്തി സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ നിങ്ങൾ ബംഗാൾ കത്തിച്ചാൽ അസം, ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, ഒഡീഷ, ഡൽഹി എന്നിവയും കത്തുമെന്ന് ഓർക്കണമെന്ന് മമത പറഞ്ഞു. സംസ്ഥാനത്ത് നടന്നുവരുന്ന പ്രക്ഷോഭം ബംഗ്ലാദേശിലെ പ്രതിഷേധത്തിന് സമാനമാണെന്നാണ് ചിലർ കരുതുന്നത്. ഞാൻ ബംഗ്ലാദേശിനെ സ്നേഹിക്കുന്നു. അവർ ബംഗാളിയാണ് സംസാരിക്കുന്നത്. നമ്മുടെ സംസ്കാരവും സമാനമാണ്. എന്നിരുന്നാലും, ബംഗ്ലാദേശ് മറ്റൊരു രാജ്യമാണെന്നും അവർ പറഞ്ഞു.
മമതയുടെ പരാമർശത്തിൽ വിമർശനവുമായി ബിജെപി രംഗത്തെത്തി. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ ഇത്തരത്തിൽ ദേശവിരുദ്ധ അഭിപ്രായങ്ങൾ പ്രസ്താവിക്കുന്നത് ഉചിതമല്ലെന്നും മമത രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും മമതക്കെതിരെ രംഗത്തെത്തി. അസമിനെ ഭീഷണിപ്പെടുത്താൻ എങ്ങനെ ധൈര്യമുണ്ടായെന്ന് ചോദിച്ച ശർമ നിങ്ങളുടെ പരാജയ രാഷ്ട്രീയം കൊണ്ട് ഇന്ത്യയെ തീയിടാൻ ശ്രമിക്കരുതെന്നും ഭിന്നിപ്പിക്കുന്ന ഭാഷ അനുയോജ്യമല്ലെന്നും പറഞ്ഞു.