അദ്ഭുതകരമായ പല പ്രകടനങ്ങളും നടക്കുന്ന വേദിയാണ് പാരാലിമ്പിക്സ്. ശാരീരികമായ പരിമിതികളെ കഠിന പരിശീലനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് മറികടക്കുന്ന അത്ലറ്റുകളെ നമുക്കവിടെ കാണാനാകും. കഴിഞ്ഞ ദിവസം ഇന്ത്യയ്ക്കായി പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ (എഫ് 57 വിഭാഗം) വെങ്കലം നേടിയ നാഗാലന്ഡുകാരന് ഹൊകാട്ടോ ഹൊട്ടോസെ സെമ എന്ന മുന്‍ സൈനികന്റെ കഥയും വ്യത്യസ്തമല്ല. 14.65 മീറ്റര്‍ എറിഞ്ഞ് കരിയറിലെ മികച്ച ദൂരത്തോടെയാണ് സെമ പാരീസില്‍ മെഡല്‍ നേടിയത്.
നാഗാലാന്‍ഡിലെ ദിമാപൂര്‍ സ്വദേശിയായ സെമയുടെ ജനനം 1983 ഡിസംബര്‍ 24-ന് ഒരു കര്‍ഷക കുടുംബത്തിലായിരുന്നു. വീട്ടിലെ നാലു മക്കളില്‍ രണ്ടാമനായിരുന്നു സെമ. സൈന്യത്തില്‍ ചേരുക എന്നതായിരുന്നു നന്നേ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന്റെ സ്വപ്നം. സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഫോഴ്സസ് (എസ്ഒഎഫ്) ആയിരുന്നു. ലക്ഷ്യം. കൗമാരത്തില്‍ തന്നെ അതോടെ മികച്ച ശാരീരിക ക്ഷമത കൈവരിക്കാനുള്ള കഠിന ശ്രമത്തിലായിരുന്നു സെമ. ഒടുവില്‍ ആ സ്വപ്നം സഫലമാകുകയും ചെയ്തു. എന്നാല്‍ 2002 ഒക്ടോബര്‍ 14-ന് സെമയുടെ ജീവിതം മാറിമറിഞ്ഞു. 19 വയസ് തികയുന്നതിന് വെറും രണ്ടു മാസം ശേഷിക്കേ ജമ്മു കശ്മീരിലെ ചൗക്കിബാലിലെ ഒരു സൈനിക നടപടിക്കിടെ കുഴിബോംബ് പൊട്ടി അദ്ദേഹത്തിന്റെ ഇടത് കാല് മുട്ടിന് താഴെ നഷ്ടമായി. നടക്കാന്‍ പോലും സാധിക്കുമോ എന്ന് ഉറപ്പില്ലാതിരുന്ന നാളുകള്‍ പക്ഷേ സെമയെ തളര്‍ത്തിയില്ല. കൈവിട്ടുപോയ ലോകം മറ്റൊരുതരത്തില്‍ തിരിച്ചുപിടിക്കാന്‍ ഹൊകാട്ടോ പരിശ്രമം തുടങ്ങി. നീണ്ട 22 വര്‍ഷത്തിനുശേഷം, വെള്ളിയാഴ്ച പാരീസിലെ പാരലിമ്പിക്സ് വേദിയില്‍ അതിന്റെ ഫലംകണ്ടു. പാരലിമ്പിക്സ് മെഡല്‍നേടുന്ന ആദ്യ നാഗാലന്ഡുകാരന് എന്ന നേട്ടവും സ്വന്തമാക്കി. കഴിഞ്ഞവര്‍ഷം ഹാങ്ചൗവില്നടന്ന ഏഷ്യന്‍ പാരലിമ്പിക്സിലും വെങ്കലം നേടിയിരുന്നു.
പുണെയിലെ ബിഇജി സെന്ററിലെ ആര്‍മി പാരാലിമ്പിക് നോഡില്‍ നിന്നാണ് പാരാ അത്ലറ്റാകാനുള്ള സെമയുടെ യാത്രയുടെ തുടക്കം. സെമയുടെ ഫിറ്റ്നസ് കണ്ട് പുണെയിലെ ആര്‍ട്ടിഫിഷ്യല്‍ ലിമ്പ് സെന്ററിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരാണ് അദ്ദേഹത്തോട് ഷോട്ട്പുട്ടില്‍ ശ്രദ്ധചെലുത്താന്‍ നിര്‍ദേശിച്ചത്. അങ്ങനെ 2016-ല്‍ തന്റെ 32-ാം വയസിലാണ് സെമ, സ്പോര്‍ട്സിനെ ഗൗരവത്തോടെ കാണുന്നത്. എട്ടു വര്‍ഷം കൊണ്ട് ഇപ്പോഴിതാ രാജ്യത്തിന്റെ അഭിമാന താരത്തിലേക്കുള്ള ഉയര്‍ച്ചയും.
സെമയ്ക്കായി പട്ടിണി കിടന്ന ഭാര്യ, മെഡല്‍ അവള്‍ക്കുള്ള സമ്മാനം
പാരീസിലെ മെഡല്‍ നേട്ടത്തിനു പിന്നാലെ തന്നെ ഹൊകാട്ടോ ഹൊട്ടോസെ സെമ അത് സമര്‍പ്പിച്ചത് തന്റെ ഭാര്യയ്ക്കായിരുന്നു. ”എനിക്കായി, ഈ നേട്ടത്തിനായി എത്രയോ ത്യാഗം ചെയ്തിട്ടുണ്ട് അവള്. എനിക്കായി എത്രയോ തവണ പട്ടിണി കിടന്നു. അതുകൊണ്ടാണ് എനിക്ക് ഭക്ഷണം കഴിക്കാനും പരിശീലനം തുടരാനും സാധിച്ചത്. കാരണം ഒരു ദിവസം മൂന്നു നേരം ഭക്ഷണം കഴിക്കാനുള്ള സാമ്പത്തിക സ്ഥിതി ഞങ്ങള്‍ക്കില്ലായിരുന്നു. എന്റെ ഏറ്റവും വലിയ പിന്തുണ അവളായിരുന്നു. ഞാന്‍ തളര്ന്നുപോകുമ്പോഴെല്ലാം എന്നെ താങ്ങിനിര്‍ത്തിയത് അവളായിരുന്നു. അവളില്ലായിരുന്നുവെങ്കില്‍ ഇന്നീ വേദിയില്‍ ഞാനുണ്ടാകുമായിരുന്നില്ല.” – സെമ പറഞ്ഞുനിര്‍ത്തി.