ബയ്റുത്ത്: ലെബനന് തലസ്ഥാനമായ ബയ്റുത്തിലുള്ള ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനം ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം. പ്രദേശത്തെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഹിസ്ബുള്ളയുടെ മുന്‍ തലവന്‍ ഹസന് നസ്രള്ളയുടെ പിന്‍ഗാമിയാകുമെന്ന് പറയപ്പെടുന്ന ഹാഷിം സഫൈദീനെ ലക്ഷ്യമിട്ടാണ് ആക്രമം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്തെ ബങ്കറിനുള്ളിലാണ് സഫൈദീന്‍ എന്ന വിവരം ലഭിച്ചതോടെയാണ് ആക്രമണം നടന്നതെന്നാണ് സൂചന. ഇസ്രയേല്‍ വ്യോമാക്രമണത്തിലാണ് നസ്രള്ളയും കൊല്ലപ്പെട്ടത്. പിന്നാലെയാണ് നസ്രള്ളയുടെ പിന്‍ഗാമിയേയും ഇസ്രയേല്‍ ലക്ഷ്യംവെക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
അതിനിടെ ഇസ്രയേല്‍ സൈനിക ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറികളുള്ള പ്രദേശങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്നാണ് ഹിസ്ബുള്ള അവകാശപ്പെടുന്നത്. അതിനിടെ ലെബനനിലെ കരയുദ്ധം കൂടുതല്‍ വ്യാപിപ്പിക്കാന്‍ ഇസ്രയേല്‍ ഒരുങ്ങുന്നുവെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. തെക്കന്‍ ലെബനനിലെ 25 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച നിര്‍ദേശിച്ചതോടെയാണ് ആശങ്ക ശക്തമായത്.
തെക്കന്‍ ലെബനനില്‍ വ്യാഴാഴ്ച 15 ഹിസ്ബുള്ള അംഗങ്ങളെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ബിന്ത ജെബീലിലെ മുനിസിപ്പല്‍ കെട്ടിടത്തിനുനേരേയുണ്ടായ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. അതിനിടെ, മൂന്നുമാസംമുന്പ് നടത്തിയ ആക്രമണത്തിലൂടെ ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ തലവന്‍ റാഹ്വി മുഷ്താഹയെയും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരായ സമേഹ് അല്‍ സിറാജ്, സമി ഔദേഹ് എന്നിവരെയും വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച അവകാശപ്പെട്ടു. വടക്കന്‍ ഗാസയിലെ ഭൂഗര്‍ഭ അറയില്‍ ഒളിച്ചുകഴിയുമ്പോഴാണ് ഇവരെ ഇല്ലാതാക്കിയതെന്നാണ് അവര്‍ പറയുന്നത്. ഹമാസിന്റെ രാഷ്ട്രീയകാര്യ തലവന്‍ യഹ്യ സിന്‍വറുമായി ഏറ്റവും അടുപ്പമുള്ളയാളാണ് മുഷ്താഹ. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തിന്റെ ആസൂത്രകരില്‍ ഒരാളാണിത്.
അതിനിടെ, പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എമിറേറ്റ്സ് ഇറാന്, ഇറാഖ്, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തി.