ന്യൂഡൽഹി: ഹരിയാണ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു നീക്കിയതിനെത്തുടർന്ന് ബി.ജെ.പി. നേതാവ് മനോഹർലാൽ ഖട്ടർ കോൺഗ്രസിൽ ചേരാൻ ആഗ്രഹിച്ചിരുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേര. കോൺഗ്രസിൽ ചേരാൻ ആഗ്രഹമറിയിച്ച് ഖട്ടർ സന്ദേശങ്ങൾ അയച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ ഭിന്നതകളുണ്ടെന്ന് ആരോപിച്ച് കുമാരി സെൽജയെ ഖട്ടർ ബി.ജെ.പി.യിലേക്ക് ക്ഷണിച്ചിരുന്നു. ബി.ജെ.പി.യിൽ ചേരുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് വ്യക്തമാക്കി സെൽജ രംഗത്തെത്തിയതിനു പിന്നാലെയാണ് ഇതേ നാണയത്തിലുള്ള കോൺഗ്രസിന്റെ തിരിച്ചടി.
മുഖ്യമന്ത്രിസ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെ തന്റെ അനുയായികളുമായി കോൺഗ്രസിൽ ചേരാൻ ഖട്ടർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അത് സംഭവിച്ചില്ല. കോൺഗ്രസിന്റെ മുതിർന്നനേതാവ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടുമെന്നും പവൻ ഖേര പറഞ്ഞു.