കൊല്ലം: അന്തരിച്ച സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആദ്യമൊരു പൊതുസമ്മേളനത്തിൽ പ്രസംഗിക്കുന്നത് കൊല്ലത്താണ്. 1981 മാർച്ച് ഏഴ്, എട്ട് തീയതികളിൽ പുനലൂരിൽ നടന്ന എസ്.എഫ്.ഐ. സംസ്ഥാനസമ്മേളനമായിരുന്നു വേദി. എട്ടിന് വൈകീട്ട് കെ.എസ്.ആർ.ടി.സി. ജങ്ഷനിൽ തൂക്കുപാലത്തോടു ചേർന്നായിരുന്നു പൊതുസമ്മേളനം. ഇ.കെ.നായനാർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ എസ്.എഫ്.ഐ. ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യപ്രഭാഷണം നടത്തി.
45 മിനിറ്റ് നേരമാണ് അന്ന് യെച്ചൂരി പ്രസംഗിച്ചതെന്ന് അന്നത്തെ എസ്.എഫ്.ഐ. നേതാവും സംഘാടകസമിതി അംഗവുമായിരുന്ന സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഓർക്കുന്നു. അന്നുവരെ കാംപസുകളിലും ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടികളിലും മാത്രമേ അദ്ദേഹം പ്രസംഗിച്ചിട്ടുള്ളൂ. ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത് ആദ്യമായിരുന്നു.
പിന്നീട് കൊല്ലത്തു നടന്ന ഒട്ടേറെ പാർട്ടി പരിപാടികളിൽ പ്രസംഗിക്കുമ്പോൾ യെച്ചൂരി ഇക്കാര്യം അനുസ്മരിച്ചിട്ടുണ്ട്. സീതാറാമിന്റെ കേരളത്തിലെ അവസാനത്തെ പാർട്ടി പരിപാടിയും കൊല്ലം കരുനാഗപ്പള്ളിയിലായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ജില്ലകളിലെ ലോക്കൽ കമ്മിറ്റി സെക്രട്ടറിമുതൽ മുകളിലേക്കുള്ളവരുടെ യോഗത്തിൽ കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ അദ്ദേഹമാണ് റിപ്പോർട്ട് ചെയ്തത്.
ക്ഷേമപ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നി നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കണമെന്നു നിർദേശിച്ചാണ് അന്ന് അദ്ദേഹം മടങ്ങിയത്. പരിപാടി കഴിഞ്ഞ് മാധ്യമപ്രവർത്തരെ കണ്ടശേഷം കുനാഗപ്പള്ളിയിൽനിന്ന് തിരുവന്തപുരത്തെത്തി ഡൽഹിക്ക് മടങ്ങുകയായിരുന്നു.