കോഴിക്കോട്: ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയില്‍ പലകാലത്തായി പല സ്തീകള്‍ അനുഭവിക്കേണ്ടി വന്ന ക്രൂര പീഡനങ്ങളുടെ തുറന്നുപറച്ചിലുകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സംവിധായകരും നിര്‍മാതാക്കളും അഭിനേതാക്കളും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും രാഷ്ട്രീയക്കാരും വരെ ഇത്തരം തുറന്നുപറച്ചിലുകളില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്നവരണ്.
സംവിധായകരായ രഞ്ജിത്, ഹരിഹരന്, നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു, ബാബുരാജ്, റിയാസ് ഖാന് തുടങ്ങിയവര്ക്കെതിരെയല്ലാം വെളിപ്പെടുത്തലുകളുണ്ടായിട്ടുണ്ട്. ഇവരെല്ലാം ജാമ്യാപേക്ഷകളുമായി കോടതികള്‍ കയറി ഇറങ്ങുന്ന തിരക്കിലുമാണ്.
എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ച ഇവരെല്ലാം ചായ കുടിക്കുന്നതിനെ പറ്റിയാണ്. വഴിയോരത്തെ ചെറിയ ചായക്കടയില്‍ നിന്ന് ചായകുടിക്കുന്ന ഇവരുടെ ‘മഹാമനസ്കതയെ’ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്.
‘ഒരു വര്‍ഷം മുമ്പുള്ള അനുഭവം. വഴിയോരത്തെ ഒരു ചായക്കടയില്‍ നിന്ന് ചായയും പത്തിരിയും കഴിക്കുന്ന കേസിലകപ്പെട്ട നടനോ സംവിധായകനോ. 65 വയസുള്ള ചായക്കടക്കാരന് സെലിബ്രിറ്റിയെ തിരിച്ചറിയില്ല. ചായക്കും കടിക്കും കൂടി 32 രൂപ പറയുന്നു. സെലിബ്രിറ്റി 32 രൂപക്ക് പകരം 2000ത്തിന്റെ മൂന്ന് നോട്ട് നല്കി കാറില്‍ കയറിപ്പോകുന്നു. വലിയ ചാരിറ്റിയേക്കാള്‍ ഇങ്ങനെയുള്ള ചെറിയ സംഭാവനകളാണ് മനസിന് സന്തോഷം നല്‍കുന്നതെന്ന് പോസ്റ്റ്മാന് തിരിച്ചറിയുന്നു. പൈസ കിട്ടിയ ചായക്കടക്കാരന് ഹാപ്പി’ ഇതാണ് പോസ്റ്റുകളുടെ പൊതു സ്വഭാവം.
ഈ ഉള്ളടക്കമടങ്ങിയ പോസ്റ്റുകളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഇത്തരം പോസ്റ്റുകള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത് വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പലരുടെ പേരിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. രഞ്ജിത്, മുകേഷ്, ജയസൂര്യ, സിദ്ദിഖ്, ഇടവേള ബാബു, റിയാസ്ഖാന്, ദിലീപ് തുടങ്ങി ആറാട്ടണ്ണന് എന്ന വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയുടെ പേരില്‍ വരെ ഇത്തരം പോസ്റ്റുകള്‍ ഇപ്പോള്‍ സൈബര്‍ ലോകത്ത് പറന്നുനടക്കുകയാണ്.
ചായക്കടക്കാരന് പറഞ്ഞ 32 രൂപക്ക് പകരം 3000 മൂന്ന് ഒറ്റനോട്ടുകള്‍ നല്കിയ മുകേഷിന്റെ ‘മഹാമനസ്തകയാണ്’ ഇതില്‍ ഏറ്റവും വ്യത്യസ്തമായത്. മുകേഷിന് മാത്രമായി 3000 രൂപ നോട്ടടിക്കുന്ന പ്രത്യേക റിസര്‍വ് ബാങ്കുണ്ടോ എന്നാണ് ഈ പോസ്റ്റിന് താഴെയുള്ള കമന്റുകളില്‍ ഒന്ന്.
ബാക്കിയെല്ലാവരും 2000ന്റെ മൂന്ന് നോട്ട് നല്കിയപ്പോള് ജയസൂര്യ മാത്രം 2000ന്റെ രണ്ട് നോട്ട് മാത്രമാണ് നല്‍കിയത് എന്നും സൈബര്‍ ലോകം വിലയിരുത്തിയിട്ടുണ്ട്. മാത്രവുമല്ല മറ്റെല്ലായിടത്തും ചായക്ക് പത്തിരിക്കും 32 രൂപയായപ്പോള്‍ ജയസൂര്യ ചായകുടിച്ച കടയില്‍ 22 രൂപ മാത്രമേ വില വന്നിട്ടുള്ളൂ. ഇത്തരത്തില്‍ പോസ്റ്റുകളില്‍ ചില ചെറിയ വ്യത്യാസങ്ങളും കണ്ടെത്തിയിട്ടുണ്ട്.
തുടക്കത്തില്‍ ആരോപണ വിധേയനായ ഒരാളെ വെള്ളപൂശാന്‍ ഉപയോഗിച്ച ഈ പോസ്റ്റ് പിന്നീട് കേസിലകപ്പെട്ട മറ്റുള്ളവരുടെ പേരും ചിത്രവും വെച്ച് പലരൂപത്തില്‍ പരിഹാസ രൂപേണ പോസ്റ്റ് ചെയ്യുകയാണുണ്ടായത്. പോസ്റ്റുകള്‍ക്ക് താഴെയുള്ള കമന്റുകളാണ് ഏറെ ചിരിപ്പിക്കുന്ന മറ്റൊന്ന്.
ഇനിയും കൂടുതല്‍ സിനിമാക്കാര്ക്കെതിരെയോ മറ്റു മേഖലയില്‍പ്പെട്ട പ്രമുഖര്‍ക്കെതിരെയോ കേസുകളോ ആരോപങ്ങളോ വരുമ്പോഴും ഈ പോസ്റ്റുകള്‍ തന്നെ ചിത്രവും പേരും മാറ്റി ഉപയോഗപ്പെടുത്താമെന്ന ഉപേദശവും കമന്റുകളില്‍ കാണാം. മാത്രവുമല്ല 2000 നോട്ടുകള്‍ നല്കിയ അനുഭവം പറയുമ്പോള്‍ 2000ന്റെ നോട്ട് നിരോധിച്ചതിന് മുമ്പുള്ള തിയ്യതി പറഞ്ഞാല്‍ കൂടുതല്‍ വിശ്വസനീയമായിരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.