കാസർകോട്: ഭാര്യയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ജ്യോത്സ്യനും മകനും അറസ്റ്റിൽ. കർണാടക ധർമസ്ഥല ബെലാളുവിലെ റിട്ട. അധ്യാപകനായ ബാലകൃഷ്ണ വടക്കില്ലായയെ (83) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുള്ളേരിയ ബെള്ളിഗെ ഒടമ്പളയിലെ ജ്യോത്സ്യൻ രാഘവേന്ദ്ര കെദില്ലായ (53), മകൻ മുരളീകൃഷ്ണ (20) എന്നിവരെയാണ് ധർമസ്ഥല പോലീസ് അറസ്റ്റ് ചെയ്തത്. ഒടമ്പളയിലെ വീട്ടിൽനിന്നാണ് ഇരുവരും അറസ്റ്റിലായത്.
20-നാണ് ബാലകൃഷ്ണനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പകൽ മറ്റാരും വീട്ടിലില്ലാത്ത സമയത്താണ് പ്രതികൾ കൃത്യം നിർവഹിച്ചത്.
ബാലകൃഷ്ണയുടെ ഭാര്യ വർഷങ്ങൾക്കുമുന്നേ മരിച്ചിരുന്നു. ഇവരുടെ സ്വർണവും പണവും പലതവണ മകൾ വിജയലക്ഷ്മിയുടെ ഭർത്താവായ രാഘവേന്ദ്ര ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൽകാൻ തയ്യാറായില്ല. ഈ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. മകനോടൊപ്പമായിരുന്നു ബാലകൃഷ്ണ താമസിച്ചിരുന്നത്.
രാഘവേന്ദ്രയും മുരളീകൃഷ്ണയും രണ്ടു വാഹനങ്ങളിലായാണ് സംഭവദിവസം രാവിലെ മുള്ളേരിയയിലെ വീട്ടിൽനിന്ന് ഇറങ്ങിയത്. മംഗളൂരുവിലെത്തിയപ്പോൾ മകന്റെ വാഹനം അവിടെവെച്ച് ഇരുവരും രാഘവേന്ദ്രയുടെ വണ്ടിയിൽ യാത്ര തുടർന്നു. വീട്ടിലെത്തി മൂന്നുപേരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചശേഷം രാഘവേന്ദ്ര സ്വർണം ആവശ്യപ്പെട്ടു. അത് നൽകാൻ വിസമ്മതിച്ചതിനെത്തുടർന്നുണ്ടായ വാക്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കൊലപാതകത്തിനുശേഷം വീട്ടിനകത്തുണ്ടായിരുന്ന രേഖകളും സ്വർണവും മറ്റും കൈക്കലാക്കി രാഘവേന്ദ്രയും മകനും സ്ഥലംവിട്ടു. ബാലകൃഷ്ണയുടെ മകൻ വീട്ടിലെത്തിയപ്പോൾ വീട്ടുമുറ്റത്തും അകത്തും ചോരപ്പാടുകൾ കണ്ടു. അച്ഛനെ അന്വേഷിച്ചപ്പോഴാണ് വാഴച്ചോട്ടിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു. പ്രതികളും ബാലകൃഷ്ണയും ഭക്ഷണം കഴിച്ച ഇലയിൽ നിന്ന് മണംപിടിച്ച പോലീസ് നായ നൽകിയ സൂചനയാണ് കൊലയാളികളെ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. തുടർന്ന് വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങളും ഫോൺ ലൊക്കേഷനും പരിശോധിച്ചാണ് കൊലയാളികളെ തിരിച്ചറിഞ്ഞതെന്നും പോലീസ് പറഞ്ഞു.