കൊച്ചി: പുണെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് (ഇവൈ) കമ്പനിയിലെ ജോലിഭാരം താങ്ങാന്‍ കഴിയാത്തതാണ് മകള്‍ അന്ന സെബാസ്റ്റ്യന്റെ മരണത്തിന് കാരണമെന്ന് അച്ഛന് സിബി ജോസഫ്. ജോലിഭാരം കാരണം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും കഴിയാത്ത സാഹചര്യമായിരുന്നുവെന്നും അച്ഛന് പറയുന്നു. കഴിഞ്ഞ ദിവസം അന്നയുടെ അമ്മ ഇവൈ കമ്പനി സി.ഇ.ഒയ്ക്ക് അയച്ച കത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ ചര്‍ച്ചയാവുകയാണ്.
രാജ്യത്തെ നാലാമത്തെ പ്രമുഖ ബഹുരാഷ്ട്ര അക്കൗണ്ടിങ് സ്ഥാപനമാണ് ഇവൈ. എന്നാല്‍, ഇവിടെ ജോലിയില്‍ പ്രവേശിച്ചതിനുശേഷം അമിത
ജോലിഭാരമാണ് തന്റെ മകള്‍ക്ക് അനുഭവിക്കേണ്ടിവന്നതെന്നും ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും കഴിയാത്ത അത്രയും ജോലിഭാരമാണ് തന്റെ മകള്‍ക്ക് നേരിടേണ്ടിവന്നതെന്നും അച്ഛന് പറഞ്ഞു.
അന്നയുടെ മരണാനന്തര ചടങ്ങുകളില്‍ ഒരു കമ്പനി പ്രതിനിധിപോലും പങ്കെടുത്തില്ലെന്നും അച്ഛന് ആരോപിക്കുന്നു. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഇവരുടെ കമ്പനിയുടെ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും ഒരാളെപ്പോലും മരണാനന്തര ചടങ്ങില്‍ കമ്പനി പങ്കെടുപ്പിച്ചില്ല.
രണ്ടാമത്തെ ചാന്‍സിലാണ് മകള്‍ക്ക് സി.എ കിട്ടിയത്. മാര്‍ച്ച് അവസാനത്തോടെയാണ് അന്നക്ക് ഇവൈയില്‍ ജോലി ലഭിച്ചത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റാകണമെന്നതായിരുന്നു അവളുടെ ആഗ്രഹം. എന്നാല്‍ കമ്പനിയില്‍ പുതിയതായി ജോയിന്‍ ചെയ്തുവെന്നതുകൊണ്ടും ഒന്നിനോടും നോ പറയാത്ത രീതിക്കാരിയായിരുന്നതുകൊണ്ടും മകള്‍ക്ക് രാത്രി വൈകിയും അധികജോലി നല്‍കുകയായിരുന്നു. വൈകുന്നേരങ്ങളിലാണ് മിക്കപ്പോഴും ജോലി അസൈന്‍ ചെയ്തിരുന്നത്. ക്രിക്കറ്റ് മത്സരങ്ങളുടെ സമയം അനുസരിച്ചാണ് മാനേജര്‍ മീറ്റിങ്ങുകള്‍ മാറ്റിവെച്ചിരുന്നത്. ഒരുതവണ രാത്രിയില്‍ വര്‍ക്ക് അസൈന്‍ ചെയ്ത് രാവിലെ തീര്‍ക്കണമെന്നാണ് മാനേജര്‍ മകളോട് ആവശ്യപ്പെട്ടത്. കൂടുതല്‍ സമയം അന്ന ആവശ്യപ്പെട്ടെങ്കിലും അത് അനുവദിച്ചില്ലെന്നും അച്ഛന് പറഞ്ഞു.
അതേസമയം, കത്തില്‍ പറഞ്ഞതിനേക്കാള്‍ വലിയ പീഡനമാണ് നടന്നിരുന്നത് എന്നാണ് കൂടെ ജോലിചെയ്തവര്‍ പറയുന്നത്. അന്ന പലപ്പോഴും ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. ജോലി രാജിവെച്ച് തിരികെ വരാന്‍ മകളോട് പറഞ്ഞിരുന്നു. എന്നാല്‍, ഒരു വര്‍ഷം അവിടെ ജോലിചെയ്താല്‍ മകള്‍ക്ക് നല്ല എക്സ്പോഷര്‍ കിട്ടുമെന്ന കൂട്ടുകാരുടെ ഉപദേശംകൂടി കണക്കിലെടുത്താണ് അവള് അവിടെ പിടിച്ചുനിന്നതെന്നും അച്ഛന് പറയുന്നു.
മരിക്കുന്നതിന് രണ്ടാഴ്ചമുന്പ് നെഞ്ചുവേദനയുമായി അന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉറക്കമില്ലായ്മയും സമയംതെറ്റിയുള്ള ഭക്ഷണവുമാണ് കാരണമെന്ന് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പുണെയില്‍ നടന്ന അന്നയുടെ സി.എ. ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അച്ഛനും അമ്മയുമൊത്ത് സമയം ചെലവഴിക്കാന്‍പോലും ജോലിത്തിരക്കു കാരണം അന്നയ്ക്ക് സാധിച്ചില്ല. ചടങ്ങിന് വൈകിയാണ് അന്ന എത്തിയതെന്നും അമ്മ എഴുതിയ കത്തില്‍ പറയുന്നു.
അന്ന കുഴഞ്ഞുവീഴുകയായിരുന്നു. അതിനിടെ ആശുപത്രിയില്‍ എത്തിക്കുന്നതിനോ മകളെ തിരികെ വീട്ടിലെത്തിക്കുന്നതിനോ കമ്പനിയില്‍ നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും അച്ഛന് പറയുന്നു.