ഫിറോസാബാദ്: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് മരണം. ആറുപേര്‍ക്ക് പരിക്കേറ്റു. ഫിറോസാബാദില്‍ നൗഷേരയില്‍ ചൊവ്വാഴ്ച രാത്രിയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
വന്‍തോതില്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൊട്ടിത്തെറിയെത്തുടര്‍ന്ന് തകര്‍ന്നുവീണു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പത്തുപേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കാനുള്ള തിരച്ചില്‍ തുടരുകയാണെന്ന് ആഗ്ര റേഞ്ച് ഐ.ഡി ദീപക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അഗ്നിരക്ഷാസേന, ദുരന്തനിവാരണ സേന എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്.