തിരുവനന്തപുരം: രാഷ്ട്രീയവിവാദങ്ങൾക്കിടെ സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് യോഗം ഇന്ന്. എ.ഡി.ജി.പി. എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്ന കടുത്ത നിലപാടിനിടെയാണ് യോഗം.
ആർ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എം.ആർ. അജിത്ത് കുമാറിനെ സ്ഥാനത്തുനിന്നും മാറ്റിയേ തീരൂ എന്ന നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചതായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യോഗത്തെ അറിയിക്കും. സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് കിട്ടിയതിന് പിന്നാലെ, നടപടി ഉണ്ടാകുമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകിയതായി ബിനോയ് വിശ്വം നേതൃയോഗത്തിൽ പറയും.
തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട അജിത് കുമാറിൻ്റെ അന്വേഷണ റിപ്പോർട്ട് സി.പി.ഐ. അംഗീകരിക്കുന്നില്ല. ഇക്കാര്യത്തിൽ എം.ആർ. അജിത്ത് കുമാറിനെതിരെയും സർക്കാരിനെതിരെയും യോഗത്തിൽ വിമർശനം ഉയരാൻ സാധ്യതയുണ്ട്. ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖം, വിവാദ മലപ്പുറം പരാമർശം, പി.ആർ. ഏജൻസിയുടെ ഇടപെടലുമായി ബന്ധപ്പെട്ട വിവാദങ്ങൾ എന്നവയും സി.പി.ഐ. എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്യും.