നാഗ്പുര്‍: നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് അപകടമുണ്ടാക്കി ആഡംബര കാര്‍. മഹാരാഷ്ട്ര ബി.ജെ.പി. അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുളെയുടെ മകന് സങ്കേത് ബവന്‍കുളെയുടെ ഓഡി കാറാണ് അപകടമുണ്ടാക്കിയത്. നാഗ്പുരിലെ തിരക്കേറിയ റോഡില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഇതിന്റെ CCTV ദൃശ്യം പുറത്തുവന്നു.
നാഗ്പുരിലെ ഒരു ബിയര്‍ ബാറില്‍ നിന്നാണ് കാര്‍ വന്നത്. കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. എന്നാല്‍ സങ്കേത് അല്ല കാറോടിച്ചിരുന്നത്. അപകടം നടന്ന ഉടന്‍ സാങ്കേത് ഉള്‍പ്പെടെ മൂന്നുപേര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കാര്‍ ഓടിച്ചയാളും മറ്റൊരാളും പോലീസിന്റെ പിടിയിലായി.
ഇവരുടെ രക്തസാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മോപ്പഡ് ഓടിക്കുകയായിരുന്ന രണ്ടുപേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇടിച്ചതില്‍ ഒരു കാര്‍ അപകടമുണ്ടാക്കിയ ഓഡിയെ പിന്തുടര്ന്ന് മങ്കാപുര്‍ പാലത്തിന് സമീപത്തുവെച്ച് പിടികൂടുകയായിരുന്നു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും രണ്ടുപേരെ അറസ്റ്റ് ചെയ്തുവെന്നും സീതാബുല്‍ദി പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ അനാമിക മിര്‍ജാപുരെ പറഞ്ഞു. അര്ജുന് ഹവ്റെ, റോണിത് ചിതംവര്‍ എന്നിവരാണ് അറസ്റ്റിലായത്.
അതേസമയം അപകടമുണ്ടാക്കിയ ഓഡി കാര്‍ തന്റെ മകന്റെ പേരിലുള്ളത് തന്നെയാണെന്ന് മഹാരാഷ്ട്ര ബി.ജെ.പി. അധ്യക്ഷന്‍ സ്ഥിരീകരിച്ചു. നിയമം എല്ലാവര്ക്കും തുല്യമാണ്. പോലീസ് നിഷ്പക്ഷമായ അന്വേഷണമെന്നും കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.