ഏലപ്പാറ (ഇടുക്കി): കുടുംബത്തിൽ അനർഥങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി കുട്ടികളിൽനിന്ന് സ്വർണം തട്ടിയെടുത്ത തമിഴ്നാട് സ്വദേശിയെ അറസ്റ്റുചെയ്തു. തേനി പെരിയകുളം സ്വദേശി ഭൂപതിയെയാണ് പീരുമേട് പോലീസ് അറസ്റ്റുചെയ്തത്. ഏലപ്പാറ കോഴിക്കാനം ഒന്നാംഡിവിഷൻ തോട്ടം മേഖലയിലെ ഒരു വീട്ടിൽ കയറിയാണ് ഇയാൾ സ്വർണം തട്ടിയത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
അച്ഛനും അമ്മയും പുറത്തുപോയിരുന്നു. വീട്ടിൽ രണ്ട് കുട്ടികൾമാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടിലെത്തിയ ഭൂപതി കുട്ടികളുടെ മുന്നിൽ മായാജാലം കാണിച്ചു. തുടർന്ന്, ഇവരുടെ മാതാപിതാക്കൾക്ക് ആപത്ത് വരുമെന്നും ഭാവിയിൽ അനർഥങ്ങൾ ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തി. അനർഥങ്ങൾ ഒഴിവാക്കി മാതാപിതാക്കളെ രക്ഷിക്കുന്നതിന് പ്രതിവിധി ചെയ്യാൻ 4000 രൂപ ആവശ്യപ്പെട്ടു. പണമില്ലെന്ന് പറഞ്ഞതോടെ കുട്ടികളുടെ പക്കലുള്ള മൂക്കുത്തി അടക്കമുള്ള സ്വർണാഭരങ്ങൾ ഊരിവാങ്ങി കടന്നുകളഞ്ഞു.
മാതാപിതാക്കൾ വീട്ടിലെത്തിയപ്പോൾ കുട്ടികൾ സംഭവം പറഞ്ഞു. തിരച്ചിലിൽ ഇയാളെ വഴിയിൽനിന്ന് പിടികൂടി. പിന്നീട് പോലീസെത്തി കസ്റ്റഡിയിലെടുത്തു. പീരുമേട് കോടതി ഇയാളെ റിമാൻഡുചെയ്തു.