പാലക്കാട്: പാർലമെൻറ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി.ക്ക് ആകെലഭിച്ച വോട്ടിന്റെ 75 ശതമാനം ആളുകളെ പാർട്ടിയിൽ അംഗങ്ങളാക്കണമെന്ന് കേന്ദ്രനേതൃത്വത്തിന്റെ നിർദേശം. കഴിഞ്ഞതവണ ഏതെങ്കിലും മൊബൈൽ നമ്പറിൽനിന്ന് മിസ്ഡ് കോൾ അടിച്ചാൽ അവർക്ക് അംഗത്വം ലഭിക്കുമായിരുന്നു. ഒരു നമ്പറിൽനിന്നുതന്നെ അഞ്ചുപേരെ ചേർക്കാനും കഴിയുമായിരുന്നു. ഇത്തവണ ഒരു നമ്പറിൽനിന്ന് ഒരാൾക്കുമാത്രമേ അംഗത്വം ലഭിക്കയുള്ളൂ.
കുറഞ്ഞത് 50 പേരെയെങ്കിലും പാർട്ടിയിൽ ചേർത്താലേ സജീവാംഗത്വവും ഭാരവാഹിത്വവും ലഭിക്കുകയുള്ളൂ. പഞ്ചായത്ത് ഭാരവാഹി മുതലുള്ളവർക്കാണ് സജീവാംഗത്വം വേണ്ടത്. ഇവർക്ക് പാർട്ടിയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണമെന്നും പറയുന്നുണ്ട്. സജീവാംഗത്വത്തിന് ശ്രമിക്കുന്നവർക്ക്, ചേർക്കുന്ന അംഗങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ ബുക്ക് നൽകും. ഈ ബുക്ക് ജില്ലാഘടകം പരിശോധിച്ചാണ് സജീവാംഗത്വം നൽകുക.
കേരളത്തിൽനിന്ന് 50 ലക്ഷം പേരെയെങ്കിലും അംഗങ്ങളാക്കണമെന്നാണ് നിർദേശം. ഇതിനായി ഒരു ബൂത്തിൽനിന്ന് 200 പേരെയെങ്കിലും പ്രാഥമികാംഗത്വം എടുപ്പിക്കണം. ഒക്ടോബർ 31-ന് എല്ലാ നടപടികളും പൂർത്തിയാക്കണം. ഇതിനിടയിൽ ഓരോ നാലുദിവസംകൂടുമ്പോഴും സംസ്ഥാനനേതാക്കളുടെ നേതൃത്വത്തിൽ ഓരോ ജില്ലയിലും അവലോകനയോഗം നടത്തണം.
മിസിഡ് കോൾ അടിച്ചശേഷംലഭിക്കുന്ന ലിങ്കിൽക്കയറി ഫോറം പൂരിപ്പിച്ച് ആധികാരികത ഉറപ്പിക്കണം. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരിക്ക് പുറമേ ആന്ധ്രപ്രദേശ് ബി.ജെ.പി. അധ്യക്ഷയുമായ പുരന്തരേശ്വരിക്ക് പ്രത്യേകചുമതലയും നൽകിയിട്ടുണ്ട്.