കൊല്ലം: ലൈംഗികാതിക്രമക്കേസിൽ ഉൾപ്പെട്ട എം. മുകേഷ് എം.എൽ.എ. രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സി.പി.എം. സി.പി.ഐ തർക്കമില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുകേഷ് മാറിനിൽക്കണമെന്നതാണ് സി.പി.ഐ നിലപാടെന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് പ്രതികരണം.
‘എല്ലാത്തിനും പരിഹാരമുണ്ടാകും. സി.പി.എം-സി.പി.ഐ തർക്കമില്ല. പിന്നെ സി.പി.ഐയിലെ കാര്യം. അവിടെ അങ്ങനെ പറഞ്ഞു, ഇവിടെ ഇങ്ങനെ പറഞ്ഞു എന്ന് പറയേണ്ടതില്ല. അവിടേയും ഇവിടേയും പാർട്ടിക്ക് ഒരു നിലപാടേയുള്ളൂ. ആനി രാജ എൻ.എഫ്.ഐ.ഡബ്ല്യു നേതാവാണ്. പാർട്ടിയുടെ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ്. കേരളത്തിലെ കാര്യം പറയേണ്ടത് സംസ്ഥാനത്തെ പാർട്ടിയും സെക്രട്ടറിയുമാണ്. ഇവിടുത്തെ കാര്യം പറയാൻ പാർട്ടിക്ക് ഇവിടെ നേതൃത്വമുണ്ട്. ഇത് എല്ലാവർക്കും ബോധ്യമുള്ള അടിസ്ഥാനപാഠങ്ങളാണ്’, ബിനോയ് വിശ്വം പറഞ്ഞു. നേരത്തെ, മുകേഷ് രാജിവെക്കണമെന്ന നിലപാട് ആനി രാജ പരസ്യമായി തന്നെ പറഞ്ഞിരുന്നു.
ഇടതുസർക്കാർ സ്ത്രീകളുടെ ഭാഗത്താണെന്ന് സി.പി.ഐക്ക് ഉറപ്പുണ്ടെന്ന് ബിനോയ് വിശ്വം വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇതേ ആരോപണം നേരിടുന്ന എം. എൽ.എ.മാർ കോൺഗ്രസിലുണ്ട്. ആരോപണം ഉയർന്നു എന്നതുമാത്രമല്ല വിഷയം. കാത്തിരിക്കാം, തിടുക്കം കാട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ നിലപാട് ശരിയല്ലെന്ന പരോക്ഷ പരാമര്‍ശം ബൃന്ദ കാരാട്ട് പാര്‍ട്ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലുമുണ്ട്. നിങ്ങള്‍ അങ്ങനെ ചെയ്തതു കൊണ്ട് ഞാന്‍ ഇങ്ങനെ ചെയ്തുവെന്ന വിധത്തിലുള്ള നിലപാട് അല്ല വിഷയത്തില്‍ കൈക്കൊള്ളേണ്ടതെന്നാണ് ബൃന്ദ വ്യക്തമാക്കുന്നത്.