കുടിയേറ്റ വിരുദ്ധ കലാപത്തിനെതിരെ പ്രതിഷേധവുമായി തെരുവിൽ ആയിരങ്ങൾ. പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ അവധിക്ക് നാട്ടിലെത്തിയ യുകെ മലയാളികൾ അങ്കലാപ്പിൽ. പല സ്ഥലങ്ങളിലും വൈകിട്ട് 6 മണി കഴിഞ്ഞ് പുറത്തിറങ്ങരുതെന്ന നിർദേശം നൽകപ്പെട്ടതായുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. കലാപകാരികൾ ഏഷ്യൻ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ച് നടത്തുന്ന ആക്രമണങ്ങൾ മലയാളി കുട്ടികളിലും ഭീതി വിതച്ചിട്ടുണ്ട്.
വിവിധ സ്ഥലങ്ങളിൽ നടന്ന പ്രതിഷേധങ്ങളെ നേരിടാൻ ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ഇന്നലെ ഇംഗ്ലണ്ടിൽ ഉടനീളം ആക്രമങ്ങൾ ഉണ്ടാകുമെന്ന പേടിയിൽ കട ഉടമകൾ നേരത്തെ കടകൾ അടച്ചിരുന്നു. ആക്രമങ്ങളുടെ പശ്ചാത്തലത്തിൽ പലസ്ഥലങ്ങളിലും വർക്ക് ഫ്രം ഹോമിന് അനുവാദം നൽകിയിരുന്നു . കഴിഞ്ഞ ആഴ്ച കലാപവുമായി ബന്ധപ്പെട്ട് 400 ലധികം അറസ്റ്റ് നടന്നതായാണ് റിപ്പോർട്ടുകൾ. “റഫ്യൂജിസ് ആർ വെൽക്കം ഹിയർ” എന്ന മുദ്രാവാക്യം വിളിച്ച് ചേർന്ന ഒത്തുചേരലുകൾ സമാധാനപരമായിരുന്നു എന്നാണ് പൊതുവെ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യോഗ ക്ലാസിൽ 17 വയസ്സുകാരൻ നടത്തിയ ആക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ ദാരുണമായി കൊല്ലപ്പെട്ട സംഭവമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. രണ്ട് മുതിർന്നവർ ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ് മെർസി സൈഡിലെ ആശുപത്രികളിൽ പ്രവേശിച്ചിരുന്നവർ സുഖം പ്രാപിച്ച് ഡിസ്ചാർജ് ചെയ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ ഇന്നലെ പുറത്തുവന്നിരുന്നു . അക്സൽ മുഗൻവ റുഡകുബാന എന്ന 17 കാരനെതിരെ മൂന്ന് കൊലപാതകങ്ങളും 10 കൊലപാതകശ്രമങ്ങളും ചുമത്തിയിട്ടുണ്ട്. കൊലപാതകം നടത്തിയ 17 വയസ്സുകാരൻ അനധികൃത കുടിയേറ്റക്കാരനാണെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുകെയിലൊട്ടാകെ വ്യാപകമായി ആക്രമ സംഭവങ്ങളാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്. പ്രതി അനധികൃത കുടിയേറ്റം നടത്തിയ മുസ്ലീമാണെന്ന രീതിയിലുള്ള പ്രചാരണങ്ങളെ തുടർന്ന് ആ വിഭാഗത്തിൻറെ ആരാധനാലയങ്ങളിൽ പലതും ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായി.