കണ്ണൂർ: കാർഷിക മേഖലയിൽ അടിസ്ഥാന സൗകര്യ വികസന നിധി (എ.ഐ.എഫ്.) വഴി കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാനത്ത് വായ്പ നൽകിയത് 300 കോടി രൂപ. ഇതിൽ 75 ശതമാനം പദ്ധതികളും പ്രവർത്തനം തുടങ്ങി. ബാക്കിയുള്ളവ പ്രാരംഭ ഘട്ടത്തിലാണ്. കർഷകർക്കും കാർഷിക സംരംഭകർക്കുമായി 2020 മുതൽ ഇതുവരെ സംസ്ഥാനത്ത് 1450 ഓളം അപേക്ഷകളിലായി 450 കോടിയോളം രൂപ അനുവദിച്ചു. പദ്ധതി സംബന്ധിച്ച് എ.ഐ.എഫ്. പുറപ്പെടുവിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വിളവെടുപ്പാനന്തര നഷ്ടം കുറയ്ക്കുന്നതിനും ആധുനിക വിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇടനിലക്കാരുടെ ആശ്രയം ഒഴിവാക്കുന്നതിനുമായി കേന്ദ്ര സർക്കാർ 2020 ജൂലായിലാണ് പദ്ധതി തുടങ്ങിയത്.
2023 ജനുവരിയിൽ തേൻ സംസ്കരണം, പട്ടുനൂൽ കൃഷി, സ്പിരുലിന ഉത്പാദനം, കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ്, ഫാം വേസ്റ്റ് മാനേജ്മെന്റ് തുടങ്ങിയവ ഉൾപ്പെടുത്തിയതോടെയാണ് പദ്ധതി ജനകീയമായത്. പ്രാഥമിക സംസ്കരണ കേന്ദ്രം, വെയർഹൗസ്, കസ്റ്റം ഹൈറിങ് സെന്റർ, കോൾഡ് സ്റ്റോറുകളും കോൾഡ് ചെയിനും സ്മാർട്ടും കൃത്യവുമായ കൃഷിക്ക് അടിസ്ഥാന സൗകര്യങ്ങൾ, പാക്കേജിങ് യൂണിറ്റുകൾ എന്നിവ ഉൾപ്പെടെ 24 പദ്ധതികൾക്കാണ് എ.ഐ.എഫ്. വഴി വായ്പ ലഭിക്കുക.
ഒൻപത് ശതമാനമാണ് പരമാവധി പലിശ. മൂന്നുശതമാനം ഇളവും ലഭിക്കും. സംസ്ഥാനത്ത് 150-ഇൽ പരം കർഷക കൂട്ടായ്മകൾ പദ്ധതിയുടെ തണലിൽ സംരംഭങ്ങൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
എന്തൊക്കെ തുടങ്ങാം
ശീതീകരണ സംഭരണികൾ, സംഭരണകേന്ദ്രങ്ങൾ, സംസ്കരണ യൂണിറ്റുകൾ എന്നിവയും സാമൂഹികാടിസ്ഥാനത്തിലുള്ള കാർഷിക ആസ്തികളും വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യങ്ങളും നിർമിക്കാം. വിളവെടുപ്പിനു ശേഷമുള്ള നഷ്ടങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യം. നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള കൃഷിരീതികൾ, ഡ്രൈയിങ് യാർഡുകൾ, യന്ത്രവത്കൃത കൃഷി സംവിധാനങ്ങൾ എന്നിവയും തുടങ്ങാം. നിലവിലുള്ള സംവിധാനങ്ങൾ സൗരോർജത്തിലേക്ക് മാറ്റുന്നതിനും വായ്പാ പദ്ധതി ഉപയോഗിക്കാം.
കേരളത്തിൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അതിനൊപ്പം നബാർഡിന്റെ കൺസൾട്ടിങ് കമ്പനി ആയ ‘നാബ്കോൺസ്’ നേതൃത്വം നൽകുന്ന പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്.
എങ്ങനെ വായ്പയെടുക്കാം
രണ്ടുകോടി രൂപ വരെയുള്ള പദ്ധതികൾക്കു മൂന്നുശതമാനം പലിശയിളവും സർക്കാരിന്റെ ക്രെഡിറ്റ് ഗ്യാരന്റിയും നൽകും. ഏഴുവർഷമാണ് വായ്പാ കാലാവധി. ആദ്യത്തെ രണ്ടുവർഷം മൊറട്ടോറിയം അനുവദിക്കും. മൂന്നുശതമാനം പലിശ ഇളവിന് പുറമെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾക് അർഹതയും ലഭിക്കും. https://agriinfra.dac.gov.in വഴി അപേക്ഷിക്കാം. ഫോൺ: 7907118539, 9544835094